സവർണ്ണ ജാതിക്കാരുടെ ഭീഷണി; 60 പോലീസുകാരുടെ സംരക്ഷണയിൽ കുതിരപ്പുറത്തു വന്ന ദളിത് യുവാവ് ഒടുവിൽ വിവാഹിതനായി

single-img
28 November 2022

ഉത്തർപ്രദേശിലെ സംഭാൽ ഗ്രാമത്തിൽ കനത്ത പോലീസ് സംരക്ഷണത്തിൽ ഒരു ദളിത് യുവാവ് വിവാഹിതനായി. ഗുന്നാർ പ്രദേശത്തെ ലോഹമായി ഗ്രാമത്തിലെ ഉയർന്ന ജാതിക്കാർ ദളിത് യുവാക്കൾ ആചാരപ്രകാരം കുതിരപ്പുറത്തു വന്നു വിവാഹം കഴിക്കുന്നതിനെതിരെ അക്രമം അഴിച്ചു വിടുന്നത് നിത്യ സംഭവം ആയതോടെയാണ് പോലീസ് സംരക്ഷണം ഒരുക്കിയത്. 44 കോൺസ്റ്റബിൾമാരും 14 സബ് ഇൻസ്‌പെക്ടർമാരും ഒരു ഇൻസ്‌പെക്ടറും ഒരു സർക്കിൾ ഓഫീസറും ചേർന്നാണ് യുവാവിനെ സുരക്ഷിതമായി കല്യാണ മണ്ഡപത്തിൽ എത്തിച്ചത്.

സംരക്ഷണം ആവശ്യപ്പെട്ടു വധുവിന്റെ അമ്മാവൻ സംഭാൽ എസ്പി ചക്രേഷ് മിശ്രയോട് രേഖാമൂലം അഭ്യർത്ഥിച്ചു. തുടർന്ന് ഉയർന്ന ജാതിക്കാരുടെ ആക്രമണം കൂടാതെ വിവാഹ ആഘോഷങ്ങൾ നടക്കുന്നുവെന്ന് ഉറപ്പാക്കാൻ എസ്പി പോലീസിനെ ചുമതലപ്പെടുത്തുകയായിരുന്നു. സംരക്ഷണം ഒരുക്കിയതിനു പുറമെ പോലീസുകാർ ദമ്പതികൾക്ക് വിവാഹ സമ്മാനമായി 11,000 രൂപ നൽകുകയും ചെയ്തു.

ഉത്തരേന്ത്യയിൽ പല ഭാഗങ്ങളിലും ഒരു സാധാരണ ‘ബറാത്ത്’ എന്ന പേരിൽ വിവാഹ ഘോഷയാത്ര നടക്കാറുണ്ട്. വരൻ കല്യാണ മണ്ഡപത്തിലേക്ക് ബന്ധുക്കളുമൊപ്പം കുതിരപ്പുറത്തു വരുന്നതാണ് ഈ ആചാരം. എന്നാൽ ചിലയിടങ്ങളിൽ ദളിതർക്കു ഇത്തരത്തിൽ വരാൻ ഇപ്പോഴും അനുവാദം ഇല്ല. ജനുവരിയിൽ മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലെ സാർസി ഗ്രാമത്തിൽ ദളിത് വരൻ കുതിരപ്പുറത്ത് കയറിയപ്പോൾ നൂറോളം പോലീസുകാർ കാവൽ നിന്നിന്നതു വലിയ വാർത്ത ആയിരുന്നു. അതേ സമയം മധ്യപ്രദേശിലെ മറ്റൊരു സംഭവത്തിൽ വിവാഹം കഴിക്കാനിരുന്ന ഛത്തർപൂർ ജില്ലയിലെ ഒരു കോൺസ്റ്റബിളിനെ ഉയർന്ന ജാതിക്കാർ കുതിരപ്പുറത്ത് കയറുന്നത് തടയുന്ന സംഭവും ഉണ്ടായി.

ഈ വർഷം ഫെബ്രുവരിയിൽ ഒരു ഐപിഎസ് ഉദ്യോഗസ്ഥനും ഇത്തരത്തിൽ പോലീസ് സംരക്ഷണയിൽ ആണ് വിവാഹിതനായത്. ഐപിഎസ് ഓഫീസർ സുനിൽ കുമാർ ധന്വന്തയാണ് പോലീസ് സംരക്ഷണയിൽ കുതിരപ്പുറത്തു വന്നു വിവാഹിതനായത്.