കാന്‍സര്‍ രോഗിയെന്ന് തെറ്റുധരിപ്പിച്ച്‌ പഴയ സഹപാഠികളില്‍ നിന്നും തട്ടിയെടുത്തത് 25 ലക്ഷം

single-img
4 March 2023

കാന്‍സര്‍ രോഗിയെന്ന് തെറ്റുധരിപ്പിച്ച്‌ പഴയ സഹപാഠികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍.

കരിമണ്ണൂര്‍ സ്വദേശി സി ബിജുവാണ് അറസ്റ്റിലായത്. പാലായില്‍ പഠിച്ചിരുന്ന കോളജ് സഹപാഠികളുടെ വാട്സ്‌ആപ്പ് ഗ്രൂപ്പിലൂടെയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.

തനിക്ക് കാന്‍സര്‍ ആണെന്നും സഹായിക്കണമെന്നും അഭ്യര്‍ഥിച്ച്‌ ഇയാള്‍ ഗ്രൂപ്പില്‍ ആദ്യം സന്ദേശമയച്ചിരുന്നു. തുടര്‍ന്ന് അമ്മാവനെന്ന് പറഞ്ഞ്
മൊബൈലില്‍ ശബ്‌ദം മാറ്റുന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച്‌ പ്രായമായവരുടെ ശബ്ദത്തില്‍ ഗ്രൂപ്പ് അംഗങ്ങളെ നേരിട്ട് വിളിച്ച്‌ സഹായം ചോദിച്ചു.


തുടര്‍ന്ന് സഹപാഠികള്‍ ചേര്‍ന്ന് ഇയാള്‍ പത്ത് ലക്ഷം രൂപയോളം പിരിച്ചു നല്‍കി. പിന്നീട് സഹോദരിയുടെ പേര് പറഞ്ഞും ഇയാള്‍ ഇതേരീതിയില്‍ തട്ടിപ്പ് നടത്തി. 15 ലക്ഷത്തോളം ഇങ്ങനെ തട്ടിയെടുത്തു.

പിന്നീട് തൊടുപുഴയില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് ഇയാളെ നേരിട്ട് കണ്ടതോടെയാണ് കള്ളിപൊളിയുന്നത്. ഇയാള്‍ രോഗി അല്ലെന്നും തട്ടിയെടുത്ത പണവുമായി ആഢംബര ജീവിതം നയിക്കുകയാണെന്നും മനസിലാക്കിയതോടെ തൊടുപുഴ സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.