വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ: പരാതിയിൽ രാഷ്ട്രപതി ഭവൻ ഇടപെടൽ

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകാനുള്ള തീരുമാനത്തിനെതിരെ നൽകിയ പരാതിയിൽ രാഷ്ട്രപതി ഭവൻ നടപടി തുടങ്ങി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ നൽകിയ നിവേദനം രാഷ്ട്രപതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.
പത്മ പുരസ്കാരങ്ങളെക്കുറിച്ച് മുൻകാലങ്ങളിൽ മാധ്യമങ്ങളിലൂടെ പരസ്യമായി വിമർശനം നടത്തിയ വ്യക്തിക്ക് തന്നെ അതേ ബഹുമതി നൽകുന്നത് പുരസ്കാരത്തിന്റെ അന്തസ്സിനെ ദോഷകരമായി ബാധിക്കുമെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഇത്തരത്തിൽ ഒരാൾക്ക് ഉന്നത ബഹുമതി നൽകുന്നത് ഇതിനകം പുരസ്കാരം ലഭിച്ചവരോടുള്ള അനാദരവാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാൾക്ക് രാഷ്ട്രത്തിന്റെ ഉയർന്ന ബഹുമതി നൽകുന്നത് ഉചിതമല്ലെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു.
പരാതിയിലെ ആക്ഷേപങ്ങൾ ഗൗരവകരമാണെന്ന് വിലയിരുത്തിയ രാഷ്ട്രപതി, വിഷയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി. ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനയ്ക്ക് ശേഷം മാത്രമേ പുരസ്കാരത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.


