വിവാഹ തട്ടിപ്പ് നടത്തിയ ബാങ്ക് മാനേജര്‍ക്കെതിരെ പരാതിയുമായി യുവതികള്‍

single-img
15 October 2022

പാലക്കാട്: വിവാഹ തട്ടിപ്പ് നടത്തിയ ബാങ്ക് മാനേജര്‍ക്കെതിരെ പരാതിയുമായി യുവതികള്‍. പൊതുമേഖല ബാങ്ക് മാനേജരായ സി എച്ച്‌ സലിം എന്നയാള്‍ക്കെതിരെയാണ് യുവതികള്‍ പരാതി നല്‍കിയത്.

വിവാഹബന്ധം വേര്‍പെടുത്തിയ സ്ത്രീകളെ രണ്ടാം വിവാഹം കഴിച്ച്‌ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

2013ലാണ് ഇയാളുടെ ആദ്യ വിവാഹം നടക്കുന്നത്. കോഴിക്കോട് സ്വദേശിയായ യുവതിയെ പുനര്‍വിവാഹം ചെയ്യുകയായിരുന്നു. മൂന്നാം മാസം യുവതി ഗര്‍ഭിണിയായെങ്കിലും സലിമിന്റെ ശാരീരിക പീഡനത്തെ തുടര്‍ന്ന് കുഞ്ഞ് നഷ്ടമായി. കേരളത്തിലും തമിഴ്‌നാട്ടിലുമായി ഇയാള്‍ അഞ്ചിലധികം വിവാഹം കഴിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്താല്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടെ വകവരുത്തുമെന്നുമാണ് സലിം ഭീഷണിപ്പെടുത്തിയതെന്നും യുവതികളുടെ പരാതിയില്‍ പറയുന്നു.

ഇയാള്‍ക്ക് അശ്ലീല ചിത്രങ്ങളോട് അമിതമായ ആസക്തിയാണെന്നും പരാതിക്കാര്‍ പറഞ്ഞു. സലിമിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ നൂറോളം സ്ത്രീകളുടെ ഫോട്ടോയും ഏജന്റുമാരുടെ നമ്ബറും ലഭിച്ചതായി ഇവര്‍ പറയുന്നു. കോഴിക്കോട് സ്വദേശിയായ ആദ്യ ഭാര്യ ഇയാള്‍ വിവാഹിതനായ വാര്‍ത്ത അറിഞ്ഞ് എത്തിയപ്പോഴാണ് നഴ്സായ യുവതിയെ കണ്ടുമുട്ടിയത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കോങ്ങാട് പൊലീസ് സ്റ്റേഷനിലും കോഴിക്കോട്, പാലക്കാട് കുടുംബ കോടതികളിലും പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും ബാങ്കിനും യുവതികള്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഇയാള്‍ കോടതിയില്‍ ഹാജരാകാതെ കേസ് നീട്ടിക്കൊണ്ട് പോകുകയായണെന്ന് യുവതികള്‍ ആരോപിച്ചു