ഭാര്യ ഒളിച്ചോടിയ പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു; പിന്നാലെ വിവാഹ ബ്രോക്കറും ജീവനൊടുക്കി

ഭാര്യ കാമുകനൊപ്പം വീട്ടിൽ നിന്ന് ഒളിച്ചോടിയതിനെ തുടർന്ന് മാനസികമായി തളർന്ന യുവാവ് ജീവനൊടുക്കി. സംഭവത്തിന് പിന്നാലെ വിവരം അറിഞ്ഞ വിവാഹ ബ്രോക്കറും ആത്മഹത്യ ചെയ്തതായി പൊലീസ് അറിയിച്ചു. കർണാടകയിലാണ് ദാരുണ സംഭവം നടന്നത്.
ഹരീഷ് (30), രുദ്രേഷ് (36) എന്നിവരാണ് മരിച്ചത്. ഹരീഷിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ സരസ്വതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് നടപടി.രണ്ട് മാസം മുൻപായിരുന്നു ഹരീഷും സരസ്വതിയും വിവാഹിതരായത്. ജനുവരി 23ന് ക്ഷേത്രത്തിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ സരസ്വതി പിന്നീട് തിരിച്ചെത്തിയില്ല.
തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ സരസ്വതി കാമുകനായ ശിവകുമാറിനൊപ്പം പോയതായി കണ്ടെത്തി. ഈ വിവരം അറിഞ്ഞതിനെ തുടർന്ന് ഹരീഷ്, സരസ്വതിയുടെ പേര് കുറിപ്പിൽ എഴുതിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.ഹരീഷിന്റെ മരണവാർത്ത അറിഞ്ഞതോടെ വിവാഹ ബ്രോക്കറും സരസ്വതിയുടെ അമ്മാവനുമായ രുദ്രേഷും ജീവനൊടുക്കിയതായി പൊലീസ് പറഞ്ഞു.
വിവാഹത്തിന് മുൻപുതന്നെ സരസ്വതി ശിവകുമാറുമായി പ്രണയത്തിലായിരുന്നുവെന്നും, ഈ ബന്ധത്തെക്കുറിച്ച് ഹരീഷിന് അറിയാമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. വീട്ടുകാരെ സമ്മതിപ്പിച്ചാണ് ഹരീഷ് വിവാഹം ഉറപ്പിച്ചതെന്നും, അതിൽ രുദ്രേഷ് പ്രധാന പങ്കുവഹിച്ചിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.
സംഭവത്തിൽ രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാനസിക സമ്മർദ്ദമാണ് ഇരുവരുടെയും മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.


