യുപിയിൽ റോഡ് ഉപരോധിച്ചുള്ള മതപരമായ ആഘോഷങ്ങൾ വിലക്കി യോഗി സർക്കാർ

single-img
20 April 2023

റോഡിലിറങ്ങി നടത്തുന്ന മതപരമായ ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി യുപിയിലെ യോഗി ആദിത്യനാഥ് സർക്കാർ. അടുത്തുതന്നെ ഈദ്, അക്ഷയത്രിതീയ എന്നീ ആഘോഷങ്ങൾ വരാനിരിക്കെയാണ് നടപടി. റോഡ് ഉപരോധിച്ചും അതിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തിയും മതപരമായ ആഘോഷങ്ങൾ നടത്താൻ പാടില്ലെന്ന് സർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ‌ പറയുന്നു.

സംസ്ഥാന ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് പ്രസാദ്, ഡിജിപി ആർ കെ വിശ്വകർമ എന്നിവർ യുപിയിലെ വിവിധ ഇടങ്ങളിൽ നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുമായി വിഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് സുപ്രധാനമായ ഈ തീരുമാനം.

ഇതോടൊപ്പം തന്നെ ആരാധനാലയങ്ങളിൽ പ്രത്യേക സുരക്ഷ ഉറപ്പാക്കണമെന്നും പ്രശ്നബാധിത മേഖലകളിൽ കൂടുതൽ സേനാംഗങ്ങളെ വിനിയോഗിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. മതപരമായ ചടങ്ങുകളും ആരാധനയും മറ്റും അതത് ഇടങ്ങളിൽ മാത്രമേ നടത്താവൂ എന്നും നിർദേശത്തിൽ പറയുന്നു.