പേരിനോട് എതിർപ്പ്; മങ്കിപോക്‌സ് രോഗത്തിന്റെ പേര് മാറ്റി ലോകാരോഗ്യ സംഘടന

single-img
28 November 2022

ലോകമാകെ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച മങ്കിപോക്‌സ് രോഗത്തിന്റെ പേര് മാറ്റി ലോകാരോഗ്യ സംഘടന. പുതിയ തീരുമാന പ്രകാരം മങ്കി പോക്‌സ് ഇനി എംപോക്‌സ് എന്ന് അറിയപ്പെടും. മങ്കിപോക്‌സ് എന്ന പേര് ലോകത്തിന്റെ പല ഭാഗത്ത് നിന്നും എതിര്‍പ്പുകള്‍ ഉയർന്നതിനെ തുടർന്നാണ് മാറ്റുന്നത് .

പേര് മാറ്റാനായി കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ചര്‍ച്ചകള്‍ ലോകാരോഗ്യസംഘടന ആരംഭിച്ചിരുന്നു. മങ്കി പോക്‌സ് എന്ന പേരിന് പിന്നിൽ ഒളിഞ്ഞുകിടക്കുന്ന വംശീയതയും തെറ്റിദ്ധാരണയ്ക്കുള്ള സാധ്യതയുമുണ്ടെന്ന് വാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടർന്ന് വിഷയം പരിഗണനയിലെടുത്ത ലോകാരോഗ്യ സംഘടന പേരില്‍ മാറ്റം വരുത്താനുള്ള ചര്‍ച്ചകള്‍ ആരംഭിക്കുകയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് എംപോക്‌സ് എന്ന് പേരുമാറ്റിയ വിവരം ഇന്ന് സംഘടന പരസ്യപ്പെടുത്തിയത്.

മങ്കിപോക്‌സ് എന്ന പേര് കറുത്തവര്‍ഗക്കാരെ അധിക്ഷേപിക്കാന്‍ ഉപയോഗിക്കുന്നു എന്നും കുരങ്ങുകള്‍ മാത്രമാണ് രോഗത്തിന് കാരണക്കാര്‍ എന്ന തെറ്റിദ്ധാരണയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇവയാണ് രോഗത്തിന്റെ പേര് മാറ്റാന്‍ പ്രേരണയായതെന്ന് ലോകാരോഗ്യ സംഘടന വിശദമാക്കുന്നു. അന്താരാഷ്‌ട്ര തലത്തിലെ വിദഗ്ധരുമായുള്ള നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് എംപോക്‌സ് എന്നത് മങ്കിപോക്‌സിന് പകരമായി ഉപയോഗിക്കാന്‍ തീരുമാനിച്ചത്. അടുത്ത വര്ഷം വരെ പഴയപേര് ഉപയോഗിച്ചശേഷം ഘട്ടംഘട്ടമായി എംപോക്‌സ് എന്ന പേരുമാത്രമാക്കി മാറ്റാനാണ് തീരുമാനം.