കേരളത്തില്‍ നിക്ഷേപത്തിന് തയ്യാറായി ലോകബാങ്ക്; വാഷിംഗ്ടണ്‍ ഡി സിയില്‍ ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി

single-img
14 June 2023

ലോകബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ അന്ന ബി യര്‍ദെയുമായി ഇന്ന് വാഷിങ്ടണില്‍ കൂടിക്കാഴ്ച്ച നടത്തി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ മേഖലകളില്‍ നിക്ഷേപത്തിന് തയ്യാറാണെന്ന് ലോകബാങ്ക് അധികൃതര്‍ പറഞ്ഞു.

ഇപ്പോൾ തന്നെ ലോകബാങ്കിന്റെ സഹകരണമുള്ള റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ഉൾപ്പെടെയുള്ള പദ്ധതികളിലെ പുരോഗതിയും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി. ഈ പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ നടപ്പിലാക്കി വരുന്ന വിവിധ വികസന, നയ പരിപാടികള്‍ അവലോകനം ചെയ്യുന്നതിനായി ലോകബാങ്ക് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കേരളത്തിലെത്തി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.

പിന്നാലെ മുഖ്യമന്ത്രി യു എസിലെ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ ജിത്ത് സിംഗ് സന്ധുവുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിനെക്കുറിച്ചും അതില്‍ എംബസിക്ക് നല്‍കാന്‍ കഴിയുന്ന സഹായങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. പ്രതിരോധം , ബഹിരാകാശ മേഖലകളില്‍ നിക്ഷേപങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് അമേരിക്കന്‍ അംബാസിഡര്‍ അഭിപ്രായപ്പെട്ടു.

ഇതോടൊപ്പം തന്നെ കേരളത്തിൽ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരെ അമേരിക്കയിലേക്ക് അയക്കുന്നതിലും അവര്‍ക്ക് നേഴ്സിങ്ങ് വിദ്യാഭ്യാസം വിപുലീകരിച്ചുകൊണ്ട് നിലവാരം ഉയര്‍ത്തുന്നതിലും അമേരിക്കന്‍ കമ്പനികളുമായി സഹകരണത്തില്‍ ഏര്‍പ്പെടുന്നതിനെപ്പറ്റിയും ചര്‍ച്ച നടന്നു.

കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി അമേരിക്കന്‍ മലയാളി ഡയസ്പോറയിലുള്ള സര്‍വകലാശാല പ്രൊഫസര്‍മാരെ ഉള്‍പ്പെടെ സഹകരിപ്പിച്ചുകൊണ്ട് എന്തൊക്കെ ചെയ്യാന്‍ സാധിക്കും എന്നും പരിശോധിക്കും. ഐ.ടി. ഇന്നൊവേഷന്‍, സ്റ്റാര്‍ട്ട് അപ്പ്, റിന്യുവബിള്‍ എനര്‍ജി, ഗ്രീന്‍ ഹൈഡ്രജന്‍ മേഖലകളിലുമുള്‍പ്പെടെ അമേരിക്കന്‍ കമ്പനികളും കേരളവുമായുള്ള സഹകരണത്തെ കുറിച്ചും ചര്‍ച്ച നടന്നു.

കേരളത്തിനാവശ്യമായ എല്ലാ സഹായങ്ങളും ഇന്ത്യന്‍ അംബാസിഡര്‍ വാഗ്ദാനം ചെയ്തു. കേരളത്തില്‍ കൂടുതല്‍ അമേരിക്കന്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരാനും കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അമേരിക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനുമാവശ്യമായ നടപടികളെടുക്കാനും എംബസി പിന്തുണ വാഗ്ദാനം നല്‍കി. അതിനാവശ്യമായ എല്ലാ നടപടികളും കേരള ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.