വനിതാ മുഖ്യമന്ത്രി ആയാല്‍ മാത്രമേ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനാകൂ എന്നില്ല: കെകെ ശൈലജ

single-img
3 November 2024

വാക്കുകള്‍ പറയുമ്പോള്‍ രാഷ്ട്രീയ മേഖലയിലുള്ളവര്‍ ശ്രദ്ധിക്കണമെന്ന് കെ.കെ. ശൈലജ എംഎല്‍എ. അങ്ങനെ പറയാതിരിക്കാന്‍ രാഷ്ടീയക്കാരും പൊതു പ്രവര്‍ത്തകരുമെല്ലാം ശ്രമിക്കണം. അങ്ങനെ പറഞ്ഞു പോയാല്‍ നാക്കുപിഴ ഉണ്ടായി, ക്ഷമിക്കണം എന്ന് പറയാനാകണമെന്നും കെ.കെ. ശൈലജ പറഞ്ഞു.

തുന്നല്‍ ടീച്ചര്‍ എന്നു ചിലരെ കളിയാക്കി വിളിക്കുന്നവരുണ്ട്. ഒരു ചരക്ക് പോകുന്നു എന്ന് കളിയാക്കുന്നവരുണ്ട്. സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കാണുന്നവരാണ് അവര്‍. നിയമസഭയിലെ ഒരംഗം ഒരിക്കല്‍ പറഞ്ഞു – ഒരാണ് ചെയ്യുന്നതു പോലെ മനോഹരമായി ചെയ്തു എന്ന്. ഞാനന്ന് അതിനെ എതിര്‍ത്തു. പെണ്ണുങ്ങള്‍ മനോഹരമായി ചെയ്യില്ലേ? തുന്നല്‍ എന്താ നല്ല ജോലിയല്ലേ?

സ്ത്രീയുടെ സ്വഭാവത്തെപ്പറ്റി സംശയിക്കുന്നവരാണ് പണ്ട് ‘ഒറ്റത്തന്ത’ പ്രയോഗം നടത്തിയത്. അതു പറഞ്ഞു പതിഞ്ഞതാണ്. പക്ഷേ, രാഷ്ട്രീയ മേഖലയിലുള്ളവരും പൊതുപ്രവര്‍ത്തകരും അത്തരം പരാമര്‍ശം നടത്താതെ ശ്രദ്ധിക്കണം. വനിതാ മുഖ്യമന്ത്രി ആയാല്‍ മാത്രമേ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനാകൂ എന്നില്ലെന്നും ശൈലജ കൂട്ടിച്ചേർത്തു.