ഫാത്തിമ തഹ്‌ലിയയെ അഭിനന്ദിക്കാന്‍ തയാറായില്ല; വനിതാ ലീഗ് നേതൃത്വത്തിനെതിരെ സൈബർ ആക്രമണം

single-img
12 May 2026

വനിതാ ലീഗ് നേത‍ൃത്വത്തിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. തിരഞ്ഞെടുപ്പ് ഫലം വന്നു ഇത്ര നാളായിട്ടും മുസ്്ലിം ലീഗിന്റെ വനിതാ എം.എല്‍.എ ഫാത്തിമ തഹ്‌ലിയയെ അഭിനന്ദിക്കാന്‍ തയാറാവാത്തത് ചോദ്യം ചെയ്താണ് ലീഗ് അണികള്‍ രംഗത്തെത്തിയത്.തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ മൗനമാണ് വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.

കഴിഞ്ഞ ദിവസം കോഴിക്കോട് ചേർന്ന വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ച അംഗങ്ങളെ അഭിനന്ദിച്ചെങ്കിലും ഫാത്തിമ തഹ്‌ലിയയുടെ പേര് പരാമർശിച്ചില്ലെന്നാണ് ആക്ഷേപം.

കൂടാതെ കൂത്തുപറമ്പിൽ ശക്തമായ പോരാട്ടം കാഴ്ചവെച്ച ജയന്തി രാജനെയും നേതൃത്വം പരിഗണിച്ചില്ലെന്ന് പരാതിയുണ്ട്. സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ തുടങ്ങിയ തർക്കങ്ങൾ തിരഞ്ഞെടുപ്പിന് ശേഷവും പരിഹരിക്കപ്പെടാതെ തുടരുകയാണെന്ന് ഇത് വ്യക്തമാക്കുന്നു.

മുൻ ദേശീയ സെക്രട്ടറി നൂർബിന റഷീദ് ഉൾപ്പെടെയുള്ളവർ നേരത്തെ തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പാർട്ടിയുടെ യുവ മുഖമായ ഫാത്തിമ തഹ്‌ലിയയുടെ വിജയം ആഘോഷമാക്കാത്ത ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാട് ശരിയല്ലെന്നാണ് ഭൂരിഭാഗം അണികളുടെയും പക്ഷം.