മുഖത്ത് മുറിവേറ്റ നിലയില്‍; റോഡരികില്‍ യുവാവിനെ മര്‍ദ്ദിച്ച്‌ കൊന്നു

single-img
14 April 2023

ആലപ്പുഴ: ചന്തിരൂരില്‍ യുവാവിനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി. ഒട്ടേറെ കേസുകളികളില്‍ പ്രതിയായ പാറ്റുവീട്ടില്‍ ഫെലിക്സ് (28) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി സുഹൃത്തുക്കള്‍ ഇയാളെ വീട്ടില്‍ നിന്നു വിളിച്ചു കൊണ്ടു പോയിരുന്നു. ഇവര്‍ സമീപത്തെ പറമ്ബില്‍ ഒത്തുകൂടി മദ്യപിച്ചു. രാത്രി പത്തരയോടെ മുഖത്ത് മുറിവേറ്റ നിലയില്‍ ഫെലിക്സിനെ റോഡരികില്‍ കണ്ടെത്തുകയായിരുന്നു. സിമന്റ് കട്ട കൊണ്ടു മുഖത്തു മര്‍ദ്ദിച്ചതാണെന്ന് സംശയിക്കുന്നു. മുറിവേറ്റ നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ 12 മണിയോടെ മരിച്ചു. ടൈല്‍സിന്റെ ജോലിയും കഴിഞ്ഞ ഇന്നലെ വൈകീട്ടാണ് ഫെലിക്സ് മൂന്നാറില്‍ നിന്നു വീട്ടിലെത്തിയത്. രാത്രിയോടെ ഏതാനും സുഹൃത്തുക്കള്‍ ബൈക്കിലെത്തി ഫെലിക്സിനെ വീട്ടില്‍ നിന്നു വിളിച്ചു കൊണ്ടുപോവുകയായിരുന്നു. മദ്യപാനത്തിനിടെ തര്‍ക്കമുണ്ടായെന്നാണ് വിവരം.

തര്‍ക്കത്തിനിടെ സുഹൃത്തുക്കളില്‍ ചിലര്‍ സമീപത്തുണ്ടായിരുന്ന സിമന്റ് കട്ട കൊണ്ടു ഫെലിക്സിന്റെ മുഖത്തിടിച്ച്‌ പരിക്കേല്‍പ്പിച്ചു. തുടര്‍ന്നു ഉപേക്ഷിച്ച്‌ പോകുകയായിരുന്നു. പ്രദേശത്തെ ചിലരാണ് ഫെലിക്സിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. മരിച്ച ഫെലിക്സ് ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. അരൂര്‍, പട്ടണക്കാട് പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്.