യാത്രയ്‌ക്കൊടുവിൽ റോബർട്ട് വാദ്ര കോൺഗ്രസിൽ ചേരുമോ; അഭ്യൂഹം പരത്തി ‘ഭാരത് ജോഡോ യാത്ര’ പോസ്റ്ററുകൾ

single-img
7 September 2022

റോബർട്ട് വാദ്രയുടെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന കോൺഗ്രസിന്റെ മെഗാ റാലി ‘ഭാരത് ജോഡോ യാത്ര’യുടെ പോസ്റ്ററുകൾ അദ്ദേഹം യാത്രയുടെ ഒടുവിൽ പാർട്ടിയിൽ ചേരുമെന്ന ഊഹാപോഹങ്ങൾക്ക് കാരണമായി. തന്റെ ചിത്രം ഉൾപ്പെടുന്ന പോസ്റ്ററുകളിൽ ചിലത് വാദ്ര തന്നെ തന്റെ ട്വിറ്റർ ഹാൻഡിൽ പങ്കിടും ചെയ്തിരുന്നു.

അതേസമയം, ഇതിനെതിരെ രൂക്ഷമായ പരിഹാസമായിരുന്നു ബിജെപി നടത്തിയത്. ‘ഇത് ഭാരത് ജോഡോയെക്കുറിച്ചല്ല, പരിവാർ ജോഡോയെക്കുറിച്ചാണ്.എന്നായിരുന്നു പോസ്റ്ററുകളോട് പ്രതികരിച്ചുകൊണ്ട് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞത്.

“റോബർട്ട് വാദ്ര യാത്രയിൽ ചേരുന്നത് വളരെ രസകരമാണ്, അഴിമതിക്കെതിരെ സംസാരിക്കുമെന്ന് അദ്ദേഹം അവകാശപ്പെടുമോ?”- ബിജെപിയുടെ മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. അതേസമയം, കന്യാകുമാരി മുതൽ കാശ്മീർ വരെയാണ് കോൺഗ്രസ് ഇന്ന് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്.

പദയാത്ര 150 ദിവസം നീണ്ടുനിൽക്കുമെന്നും ഏകദേശം 3,500 കിലോമീറ്റർ ദൂരം സഞ്ചരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശ് ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലൂടെയാണ് യാത്ര പ്രധാനമായും മുന്നോട്ടുപോകുക. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്ന മാർച്ചുകൾ, റാലികൾ, പൊതുയോഗങ്ങൾ എന്നിവ യാത്രയിൽ ഉൾപ്പെടും.