മരിക്കുന്നത് വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരും: എകെ ആന്റണി

single-img
6 April 2023

തന്റെ മകൻ അനില്‍ ആന്റണിയുടെ ബിജെപിയിലേക്കുള്ള പ്രവേശനം തീര്‍ത്തും തെറ്റായ തീരുമാനമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. അനിലിന്റെ ബിജെപിയില്‍ ചേരാനുള്ള തീരുമാനം വേദനയുണ്ടാക്കിയെന്നും ആന്റണി ഇന്ന് തിരുവനന്തപുരം കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

മാധ്യമങ്ങൾക്ക് മുൻപിൽ വാക്കുകള്‍ ഇടറി വികാരാധീനനായിട്ടായിരുന്നു ആന്റണിയുടെ പ്രതികരണം. മരിക്കുന്നത് വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരും. അനിലിന്റെ ബിജെപി പ്രവേശന വിഷയത്തില്‍ ഇനി ചര്‍ച്ചയില്ല. ആദ്യത്തെയും അവസാനത്തെയും പ്രതികരണമാണിതെന്നും എകെ ആന്റണി മാധ്യമങ്ങളോട് വ്യക്തമാക്കി.

‘എനിക്ക് ഇപ്പോൾ 82 വയസായി. എത്രനാൾ ജീവിച്ചിരിക്കുമെന്ന് അറിയില്ല. എത്രനാള്‍ ജീവിച്ചാലും ഞാന്‍ മരിക്കുന്നത് വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായിരിക്കും. ഇനി അനിലുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയ്ക്കും ചോദ്യങ്ങള്‍ക്കും ഒരിക്കല്‍പോലും ഞാന്‍ തയ്യാറാകില്ല, ഇത് ആദ്യത്തെയും അവസാനത്തെയും പ്രതികരണമാണ്’.

‘ഇന്ത്യ എന്ന രാജ്യത്തിന്റെ ഐക്യത്തിന്റെ ആണിക്കല്ല് എന്ന് പറയുന്നത് ബഹുസ്വരതയും മതേതരത്വവുമാണ്. 2014ൽ മോദി സർക്കാർ അധികാരമേറ്റതിന് ശേഷം ആസൂത്രിതമായി നമ്മുടെ അടിസ്ഥാന നയങ്ങളെ, നമ്മുടെ രാജ്യം പ്രാണവായു പോലെ കാത്തുസൂക്ഷിച്ച നയങ്ങളെ ദുർബലപ്പെടുത്താനുള്ള തുടർച്ചയായ ശ്രമമാണ് നടക്കുന്നത്.

ആദ്യ മോദി സർക്കാരിന്റെ കാലത്ത് അൽപം സാവകാശത്തിലാണ് കാര്യങ്ങൾ നടന്നിരുന്നത്. എന്നാൽ, രണ്ടാം മോദി സർക്കാർ നാനാത്വത്തിൽ ഏകത്വത്തിലേക്ക് എന്നതിന് പകരം ഏകത്വത്തിലേക്ക് എന്ന ഉറച്ച നടപടികളുമായി മുന്നോട്ടുപോവുകയാണ്. എല്ലാ രം​ഗത്തും ഏകത്വ അടിച്ചേൽപ്പിക്കാനാണ് ശ്രമം. ഇതിന്റെ ഫലമെന്താണെന്നാൽ, രാജ്യത്തിന്റെ ഐക്യം ദുർബലമാകുന്നു. ജനങ്ങളുടെ ഇടയിൽ ഐക്യം ശിഥിലമാകുന്നു. സാമൂഹിക ഐക്യം ദുർബലമാകുന്നു. ഇത് ആപത്ക്കരമാണെന്നും ആന്റണി പറഞ്ഞു. താൻ അവസാനശ്വാസം വരെ ബിജെപിയുടെയും ആര്‍എസ്എസിന്റെയും തെറ്റായ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുമെന്നും എകെ ആന്റണി കൂട്ടിച്ചേർത്തു.

മാധ്യമങ്ങൾക്ക് മുൻപിൽ നെഹ്‌റു കുടുംബത്തിന്റെ പാരമ്പര്യം എടുത്ത് പറഞ്ഞായിരുന്നു ആന്റണിയുടെ പ്രതികരണം. ഇന്ദിരാ ഗാന്ധിയോടും കൂടുംബത്തോടും ആദരവും സ്‌നേഹവും മാത്രമാണ്. എന്റെ കൂറ് എക്കാലവും നെഹ്‌റു കുടുംബത്തോടായിരിക്കും എന്നും ആന്റണി മാധ്യമങ്ങളോട് കൂട്ടിച്ചേർത്തു.