യുപിഐ ഇടപാടുകൾക്ക് എംഡിആർ ഏർപ്പെടുത്തുന്നത് എന്തിന്? കേന്ദ്രത്തിന്റെ വിശദീകരണം

single-img
25 September 2026

യുപിഐ ഇടപാടുകൾക്ക് മർച്ചൻ്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നു. യുപിഐ സംവിധാനത്തെ സാമ്പത്തികമായി സുസ്ഥിരമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങളും സൈബർ സുരക്ഷയും മെച്ചപ്പെടുത്തുന്നതിനുമാണ് നിരക്ക് ഏർപ്പെടുത്തുന്നതെന്ന് ധനകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

വ്യക്തികൾ തമ്മിലുള്ള എല്ലാ യുപിഐ ഇടപാടുകളും സൗജന്യമായി തുടരും. വ്യാപാരികൾക്ക് 2000 രൂപ വരെയുള്ള ഇടപാടുകൾക്കും എംഡിആർ ബാധകമല്ല. എന്നാൽ 2000 രൂപയ്ക്ക് മുകളിലുള്ള വ്യക്തിയിൽ നിന്ന് വ്യാപാരിയിലേക്കുള്ള ഇടപാടുകൾക്ക് 0.4 ശതമാനം എംഡിആർ ഈടാക്കും. 75,000 രൂപയോ അതിൽ കൂടുതലോ ഉള്ള ഇടപാടുകൾക്ക് പരമാവധി 300 രൂപയായിരിക്കും നിരക്ക്.

എംഡിആർ നികുതിയോ സെസ്സോ അല്ലെന്നും തുക സർക്കാരിലേക്കല്ല പോകുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. പേയ്മെൻ്റ് പ്രോസസിംഗുമായി ബന്ധപ്പെട്ട ബാങ്കുകൾ, പേയ്മെൻ്റ് ഗേറ്റ്‌വേകൾ, യുപിഐ ആപ്പുകൾ തുടങ്ങിയ പങ്കാളികൾക്കാണ് തുക ലഭിക്കുക. നിരക്ക് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കരുതെന്ന് ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.