മുംബൈ ഇന്ത്യൻസിന്റെ നായകൻ ആര്? രോഹിത് ശർമ്മയോ തിലക് വർമ്മയോ; നിർണായക തീരുമാനത്തിനൊരുങ്ങി മാനേജ്മെന്റ്

പരിശീലക നിരയിൽ വൻ അഴിച്ചുപണി നടത്തിയ മുംബൈ ഇന്ത്യൻസിന് മുന്നിൽ അടുത്ത ഐപിഎൽ സീസണിലെ നായകനെ കണ്ടെത്തുകയെന്ന നിർണായക ദൗത്യം. മുൻ നായകൻ രോഹിത് ശർമ്മ വീണ്ടും ടീമിന്റെ ചുമതലയിലെത്തുമോ, യുവതാരം തിലക് വർമ്മയ്ക്ക് അവസരം നൽകുമോ എന്നതാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
കഴിഞ്ഞ മൂന്ന് സീസണുകളിലായി ടീമിനെ നയിച്ച ഹാർദിക് പാണ്ഡ്യയുടെ ഭാവിയും അനിശ്ചിതത്വത്തിലാണ്. താരത്തെ മറ്റൊരു ടീമിലേക്ക് ട്രേഡ് ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഹാർദിക് ടീമിൽ തുടരുകയാണെങ്കിലും അടുത്ത സീസണിൽ നായകസ്ഥാനം ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് സൂചന.
2027-ലെ മെഗാ ലേലത്തിന് മുന്നോടിയായി അടുത്ത അഞ്ച് മുതൽ ഏഴ് വർഷം വരെയുള്ള ടീമിന്റെ ഭാവി കണക്കിലെടുത്ത് പുതിയൊരു നിരയെ വളർത്തിയെടുക്കാനാണ് മുംബൈ മാനേജ്മെന്റിന്റെ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ. ടീം ഉടമ ആകാശ് അംബാനി, മുതിർന്ന ഉദ്യോഗസ്ഥൻ രാഹുൽ സംഘ്വി, പുതിയ മുഖ്യ പരിശീലകൻ കീറോൺ പൊള്ളാർഡ് എന്നിവരടങ്ങുന്ന മാനേജ്മെന്റിന് മുന്നിൽ പ്രധാനമായും രണ്ട് സാധ്യതകളാണുള്ളത്. അഞ്ച് ഐപിഎൽ കിരീടങ്ങൾ സമ്മാനിച്ച രോഹിതിനെ ഒരു സീസണിലേക്ക് കൂടി നായകനാക്കുകയോ ഇന്ത്യയുടെ ടി20 വൈസ് ക്യാപ്റ്റനായ തിലക് വർമ്മയ്ക്ക് ചുമതല കൈമാറുകയോ ചെയ്യാം.
അടുത്ത സീസണിൽ 40 വയസ്സിലേക്ക് കടക്കുന്ന രോഹിതിന് മുംബൈ ജേഴ്സിയിലെ അവസാന സീസണായിരിക്കാമെന്നും വിലയിരുത്തലുകളുണ്ട്. നായകപരിചയവും തന്ത്രപരമായ മികവും കണക്കിലെടുക്കുമ്പോൾ മെഗാ ലേലത്തിന് മുമ്പുള്ള സീസണിൽ രോഹിതിനെ വീണ്ടും നായകനാക്കുന്നത് ടീമിന് ഗുണകരമാകുമെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. അതേസമയം, ഭാവി നായകനായി പരിഗണിക്കുന്ന തിലക് വർമ്മയ്ക്ക് രോഹിതിന് കീഴിൽ കൂടുതൽ അനുഭവസമ്പത്ത് നേടാനും അവസരം ലഭിക്കും.
സൂര്യകുമാർ യാദവിന്റെ പ്രായവും ജസ്പ്രീത് ബുംറയുടെ ബൗളിംഗ് ഉത്തരവാദിത്തങ്ങളും കണക്കിലെടുത്ത് ഇരുവരെയും നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ഹാർദിക് പാണ്ഡ്യയുടെ കാര്യത്തിൽ ലഭിക്കുന്ന ട്രേഡ് ഓഫറുകൾ വിലയിരുത്തിയാകും മാനേജ്മെന്റിന്റെ അന്തിമ തീരുമാനം. ട്രേഡ് നടക്കാതെ താരം ടീമിൽ തുടരുകയാണെങ്കിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷ.


