വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ മുൻപ് പറഞ്ഞ നിലപാടുകളെല്ലാം വിഴുങ്ങി: ബിനോയ് വിശ്വം

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കടുത്ത വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഹെലികോപ്റ്റർ ഉപയോഗത്തെക്കുറിച്ച് മുൻപ് ഏറ്റവും കൂടുതൽ വിമർശനം ഉന്നയിച്ച വി ഡി സതീശൻ, മുഖ്യമന്ത്രിയായപ്പോൾ മുൻപ് പറഞ്ഞ നിലപാടുകളെല്ലാം വിഴുങ്ങിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നിക്ഷേപകരെ കാണാനല്ല, മറിച്ച് ഭാര്യാപിതാവിനെ കാണാനാണ് മുഖ്യമന്ത്രി യാത്ര ചെയ്തതെന്നും അത് വിവാദമായപ്പോൾ നിക്ഷേപകരെ കാണാനെന്ന കഥ ഉണ്ടാക്കുകയായിരുന്നുവെന്നും ബിനോയ് വിശ്വം ആരോപിച്ചു. ആ നിക്ഷേപകൻ ആരാണെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ട അദ്ദേഹം, മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണമെന്നും പറഞ്ഞു.
കേരളത്തിൽ മഴക്കെടുതിയും ജനങ്ങൾ ദുരിതവും അനുഭവിക്കുമ്പോൾ സർക്കാരും വകുപ്പുകളും പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി. മുൻകാലങ്ങളിൽ ദുരന്തഘട്ടങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന ഗവൺമെന്റ് ഉണ്ടായിരുന്നുവെങ്കിൽ, ഇപ്പോഴത്തെ സർക്കാർ ഒന്നും ചെയ്യാതെ ഉറങ്ങുകയാണെന്നും ബിനോയ് വിശ്വം പരിഹസിച്ചു. ജനങ്ങൾ ദുരിതത്തിലായപ്പോൾ മുഖ്യമന്ത്രി ഹെലികോപ്റ്റർ ടൂറിലും വിരുന്നിലുമായിരുന്നുവെന്ന് രാജു എബ്രഹാമും, ദുരന്ത പ്രതിരോധ പ്രവർത്തനങ്ങളിൽ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മ പ്രകടമാണെന്ന് മുൻ മന്ത്രി വീണ ജോർജും വിമർശിച്ചു.


