ഇന്ന് വിവാഹം നാളെ വിവാഹമോചനം എന്ന പാശ്ചാത്യ സമ്പ്രദായം രാജ്യത്ത് അടിച്ചേല്‍പ്പിക്കാനാവില്ല: സുപ്രീം കോടതി

single-img
14 October 2022

വിവാഹശേഷം ദമ്പതികളില്‍ ഒരാള്‍ മാത്രം ആവശ്യപ്പെടുമ്പോള്‍ വിവാഹ മോചനം അനുവദിക്കാന്‍ രാജ്യത്തിന്റെ ഭരണഘടനയുടെ 142-ാം അനുച്ഛേദപ്രകാരം അധികാരം ഉപയോഗിക്കാനാവില്ല എന്ന് സുപ്രീം കോടതി. വിവാഹ ബന്ധം ഗൗരവമില്ലാത്ത ഒന്നല്ലെന്ന് പറഞ്ഞ കോടതി, ഇന്ന് വിവാഹം നാളെ വിവാഹമോചനം എന്ന തരത്തിലുള്ള പാശ്ചാത്യ സമ്പ്രദായം രാജ്യത്ത് അടിച്ചേല്‍പ്പിക്കാനാവില്ലെന്നും അഭിപ്രായപ്പെട്ടു.

തനിക്ക് വിവാഹ മോചനം അനുവദിക്കണമെന്ന ഭര്‍ത്താവിന്റെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് ശ്രീനിവാസ് ഓക്ക എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെതാണ് ഈ സുപ്രധാന പരാമര്‍ശം. പിരിക്കരുതെന്നും വിവാഹ ബന്ധം സംരക്ഷിക്കണമെന്നുമുള്ള ഭാര്യയുടെ എതിര്‍പ്പ് തള്ളിയാണ് ഭര്‍ത്താവ് ഈ ഹര്‍ജി നല്‍കിയത്.

വിവാഹ ശേഷം 40 ദിവസം മാത്രമാണ് ഇരുവരും ഒരുമിച്ച് താമസിച്ചതെന്നും പിന്നീട് രണ്ട് വര്‍ഷത്തോളമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. ദമ്പതികള്‍ ഒരുമിച്ചു ജീവിച്ചത് 40 ദിവസം മാത്രമാണെന്നതിനാല്‍ പരസ്പരം അറിയാന്‍ ഈ കാലയളവു മതിയാവില്ലെന്ന് കോടതി പറഞ്ഞു. ഭിന്നതകള്‍ പറഞ്ഞുതീര്‍ക്കാന്‍ രണ്ടു പേരും ഗൗരവപൂര്‍ണമായ ശ്രമം നടത്തണം. ഒരുമിച്ചു ജീവിക്കാനാവുമോയെന്ന കാര്യത്തില്‍ പുനപ്പരിശോധന നടത്താന്‍ ദമ്പതികളോട് കോടതി ആവശ്യപ്പെട്ടു.