ഞങ്ങൾ 22 സംസ്ഥാനങ്ങളിൽ ബിസിനസ് ചെയ്യുന്നു; എല്ലാ സംസ്ഥാനങ്ങളും ബിജെപിക്കൊപ്പമല്ല: ഗൗതം അദാനി

single-img
8 January 2023

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുത്ത ബന്ധമാണ് തന്റെ സമ്പത്തിന് ആക്കം കൂട്ടുന്നത് എന്ന വിമർശനത്തിന് മറുപടിയുമായി ഗൗതം അദാനി. താൻ പ്രതിപക്ഷം ഭരിക്കുന്നതുൾപ്പടെ 22 സംസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനാലാണ് എന്ന് ലോകത്തെ മൂന്നാമത്തെ വലിയ ധനികനായത് എന്ന് ഇന്ത്യ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഗൗതം അദാനി പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളിലും പരമാവധി നിക്ഷേപം നടത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്… ഇന്ന് 22 സംസ്ഥാനങ്ങളിൽ അദാനി ഗ്രൂപ്പ് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ട്, ഈ സംസ്ഥാനങ്ങളെല്ലാം ബിജെപി ഭരിക്കുന്നതല്ല… ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ലെന്ന് എനിക്ക് പറയാൻ കഴിയും. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ, മമതാ ദീദിയുടെ പശ്ചിമ ബംഗാളിൽ, നവീൻ പട്‌നായിക്കിന്റെ ഒഡീഷയിൽ, ജഗൻമോഹൻ റെഡ്ഡിയുടെ സംസ്ഥാനത്ത്, കെസിആറിന്റെ സംസ്ഥാനത്തിൽ പോലും ഞങ്ങൾ പ്രവർത്തിക്കുന്നുണ്ട്- ഗൗതം അദാനി പറഞ്ഞു.

തനിക്കെതിരെയുള്ള ചങ്ങാത്ത മുതലാളിത്തത്തെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആവർത്തിച്ചുള്ള ആരോപണങ്ങൾ “രാഷ്ട്രീയത്തിന്റെ ഭാഗമാണ്” ആ ആരോപണങ്ങൾ എന്നാണു ഗൗതം അദാനി പറഞ്ഞത്. നിക്ഷേപമാണ് ഞങ്ങളുടെ സാധാരണ പരിപാടി. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ക്ഷണം സ്വീകരിച്ചാണ് ഞാൻ രാജസ്ഥാൻ നിക്ഷേപക ഉച്ചകോടിക്ക് പോയത്. പിന്നീട് രാഹുൽ (ഗാന്ധി) ജി പോലും രാജസ്ഥാനിലെ ഞങ്ങളുടെ നിക്ഷേപത്തെ പ്രശംസിച്ചു. രാഹുലിന്റെ നയങ്ങൾ വികസന വിരുദ്ധമല്ലെന്ന് എനിക്കറിയാം. രാജസ്ഥാനിലെ തന്റെ 68,000 കോടി രൂപയുടെ നിക്ഷേപത്തെ പരാമർശിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു.