എഐ ക്യാമറ; കേസ് കൊടുത്താല്‍ പരിഗണിക്കേണ്ട ലോകായുക്തയൊക്കെ ബിരിയാണി തിന്ന് നടക്കുകയല്ലേ: വിടി ബൽറാം

single-img
23 April 2023

സംസ്ഥാനത്തെ ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ 726 എ ഐ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്. “726 ക്യാമറകൾക്ക് 236 കോടി രൂപ. അതായത് ഒരു ക്യാമറയ്ക്ക് ശരാശരി 33 ലക്ഷം രൂപ! ഇതെന്ത് തീവെട്ടിക്കൊള്ളയാണ്!! “- എന്നാണ് കെ പി സി സി ഉപാധ്യക്ഷന്‍ വി.ടി ബൽറാം ഉയർത്തിയ വിമര്‍ശനം.

എന്നാല്‍ കേസ് കൊടുക്ക് എന്ന് ഒരാള്‍ കമന്‍റിട്ടപ്പോള്‍ കേസ് കൊടുത്താല്‍ പരിഗണിക്കേണ്ട ലോകായുക്തയൊക്കെ ബിരിയാണി തിന്ന് നടക്കുകയല്ലേ എന്നാണ് ബല്‍റാമിന്‍റെ മറുപടി. നേരത്തെ സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തെന്ന കേസിനിടെ ലോകായുക്തയും ഉപലോകായുക്തയും മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വരുന്നില്‍ പങ്കെടുത്തത് വിവാദമായിരുന്നു.

ഈ കാര്യമാണ് വി.ടി ബല്‍റാം സൂചിപ്പിച്ചത്.സമാനമായി എഐ ക്യാമറ പദ്ധതിയിൽ അഴിമതിയുണ്ടെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചിരുന്നു.