വിസ്മയയുടെ ‘തുടക്കം’ ആഗസ്റ്റ് 7ന് തിയേറ്ററുകളിലേക്ക്

മലയാള സിനിമ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം ‘തുടക്കം’ വരാനിരിക്കുന്ന ഓണം സീസൺ കളറാക്കാൻ തിയേറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പുത്തൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
ഓണം റിലീസുകൾക്ക് തുടക്കമിട്ടുകൊണ്ട് ആഗസ്റ്റ് 7-നാണ് ചിത്രം വേൾഡ് വൈഡായി തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. വിസ്മയ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ സൂപ്പർസ്റ്റാർ മോഹൻലാലും ഒപ്പമെത്തുന്നുണ്ട് എന്ന പ്രത്യേകതയുമുണ്ട്.
വൻ വിജയമായി മാറിയ ‘2018’ എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന 37-ാമത് സിനിമയാണ്. വലിയ അവകാശവാദങ്ങളൊന്നുമില്ലാത്ത ഒരു കുഞ്ഞ് ചിത്രമായിരിക്കും ഇതെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും, സിനിമയുടെ ടൈറ്റിൽ ഡിസൈൻ നൽകുന്ന സൂചനകൾ ഇതൊരു പക്കാ ആക്ഷൻ മൂഡ് ചിത്രമായിരിക്കും എന്നാണ് വ്യക്തമാക്കുന്നത്.
ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മുൻപ് മോഹൻലാൽ സംവിധാനം ചെയ്ത ‘ബറോസ്’ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി വിസ്മയ പ്രവർത്തിച്ചിരുന്നു.


