കേരളത്തിൽ പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം വർദ്ധിച്ചു; റിപ്പോര്‍ട്ട്

single-img
16 February 2024

കേരളത്തിൽ പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം വർദ്ധിച്ചതായി റിപ്പോര്‍ട്ട്. നേരത്തെയുള്ള വര്‍ഷങ്ങളിലേതിനേക്കാള്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളെന്ന് കേരള പൊലീസിന്റെ വെബ്സൈറ്റില്‍ പറയുന്നു.

2023 നവംബര്‍ വരെ 1245 കേസുകളാണ് എസ്സി/എസ്ടി ആക്ട് പ്രകാരം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇത് കഴിഞ്ഞ എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. 2016ല്‍ 992 കേസുകളാണ് പട്ടികജാതി-വര്‍ഗ ആക്ട് പ്രകാരം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. 2017ല്‍ ഇത് 1060 ആയി ഉയര്‍ന്നു. പിട്ടീടുള്ള വര്‍ഷങ്ങളില്‍ കേസുകളുടെ എണ്ണത്തില്‍ കുറവു വന്നെങ്കിലും 2021ല്‍ ഇത് വീണ്ടും 1081 ആയി വര്‍ധിച്ചു.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2022ല്‍ പട്ടികജാതി-വര്‍ഗ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 12ാം സ്ഥാനത്താണ് കേരളം. 1068 കേസുകളാണ് പട്ടിക ജാതി വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തത്. 177 എണ്ണം പട്ടിക വിഭാഗത്തിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ സ്വമേധയാ എടുത്ത കേസുകള്‍ക്ക് പുറമെയാണിത്. 2022ല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 1222 ആയിരുന്നു മുന്‍വര്‍ഷം ഇത് 1081ഉം ആയിരുന്നു.