ആടുജീവിതത്തിനോട് നോ പറയാനുള്ള കാരണം വെളിപ്പടുത്തി വിക്രം

single-img
5 April 2024

‘ആടുജീവിതം’ സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ അതിലേക്ക് നായകന്മാരായി ആദ്യം പരിഗണിച്ചത് തമിഴ്നടൻമാരായ വിക്രം, സൂര്യ എന്നിവരെ ആയിരുന്നു എന്ന് സംവിധായകന്‍ ബ്ലെസി പറഞ്ഞിരുന്നു. എന്നാൽ ആ സമയം ഒരു ലോങ് ഷെഡ്യൂള്‍ വിക്രമിന് പറ്റില്ലായിരുന്നു എന്നാണ് ബ്ലെസി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. അതേസമയം താൻ ആടുജീവിതത്തിനോട് നോ പറയാനുള്ള കാരണം പറയുന്ന വിക്രമിന്റെ പഴയൊരു അഭിമുഖമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

എന്തുകാരണത്താലാണ് താന്‍ ആടുജീവിതം ചെയ്യുന്നില്ല എന്ന് പറഞ്ഞത് എന്നതിനെ കുറിച്ചാണ് വിക്രം സംസാരിച്ചത്. ”തമിഴില്‍ ആടുജീവിതം ചെയ്യാന്‍ ബ്ലെസി സാര്‍ ഒരിക്കൽ എന്നെ സമീപിച്ചിരുന്നു. പക്ഷെ ആ നോവലിന്റെ കഥാപശ്ചാത്തലം കൂടുതല്‍ കണക്ടായിരിക്കുന്നത് കേരളത്തോടാണ്. ”ജോലി ചെയ്യാൻ ഗള്‍ഫിലേക്ക് പോകുന്നത് തമിഴ്നാട്ടിലെ പ്രേക്ഷകര്‍ക്ക് മനസിലാകില്ല. എന്നാൽ കേരളവും ഗള്‍ഫുമായി നല്ല ബന്ധമാണുള്ളത്.

ഇവിടെ ഗള്‍ഫ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും ഓര്‍മ വരിക കേരളവുമായുള്ള കണക്ഷനാണ്. ആ കെമിസ്ട്രി തമിഴില്‍ വര്‍ക്കാകില്ല. അതേപോലെ തന്നെ തമിഴ് സിനിമയും മലയാള സിനിമയും മേക്കിംഗിന്റെ കാര്യത്തില്‍ വളരെ വ്യത്യാസമുള്ളവയാണ്.

തമിഴിൽ കിട്ടുന്ന പ്രതിഫലം മലയാളത്തിൽ കിട്ടില്ല. കൊമേഴ്സ്യല്‍ സിനിമകള്‍ ചെയ്യുന്നതില്‍ മലയാളത്തിൽ പരിമിതിയുണ്ട്. അതുമാത്രമല്ല, എന്നിലെ അഭിനേതാവിനെ അത്ഭുതപ്പെടുത്തുന്ന സ്‌ക്രിപ്‌റ്റൊന്നും മലയാളത്തില്‍ നിന്ന് കിട്ടിയിട്ടുമില്ല” വിക്രം പറഞ്ഞു.