‘സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക സ്ക്വാഡ് രൂപീകരിക്കും, ജനങ്ങളുടെ ഒരു ചില്ലിക്കാശ് താൻ തൊടില്ല’; സത്യപ്രതിജ്ഞ ചൊല്ലിയ വേദിയിൽ തന്നെ ആദ്യ ഉത്തരവിട്ട് വിജയ്

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ആദ്യ ഉത്തരവുമായി വിജയ്.സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക സ്ക്വാഡ് രൂപീകരിക്കും. തന്‍റെ സർക്കാർ സുതാര്യമായിരിക്കുമെന്നും ജനങ്ങളുടെ ഒരു ചില്ലിക്കാശ് താൻ തൊടില്ല, അഴിമതിയെക്കുറിച്ചുള്ള ചിന്ത ഒഴിവാക്കണം എന്നും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ നടത്തിയ പ്രസംഗത്തിൽ വിജയ് പറഞ്ഞു.
ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കറാണ് സത്യവാചകം ചൊല്ലി നൽകിയത്. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം പങ്കെടുത്തു. ചടങ്ങിന് സാക്ഷിയാകാൻ വിജയ്‍യുടെ കുടുംബാഗങ്ങളും ടിവികെ പ്രവർത്തകരും സിനിമാ താരങ്ങളും അടക്കം വലിയ നിരയാണ് എത്തിയത്. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സർക്കാർ രൂപീകരിച്ചത്.വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നത് 9 മന്ത്രിമാരാണ്.
9 മന്ത്രിമാരില്‍ ഒരു വനിതാ മന്ത്രിയും ഉൾപ്പെട്ടിട്ടുണ്ട്. സെല്‍വി എസ് കീർത്തന എന്ന 29 കാരി. എറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന പ്രത്യേകതയും കീർത്തനയ്ക്കുണ്ട്. എൻ ആനന്ദ്, കെ എ സെങ്കോട്ടയ്യൻ, കെ ജി അരുൺരാജ്, ആധവ് അർജുന, പി വെങ്കട്ടരമണൻ, രാജ്‌മോഹൻ, സി ടി ആർ നിർമൽകുമാർ, ഡോ.കെ ടി പ്രഭു തുടങ്ങിയവരാണ് മറ്റ് മന്ത്രിമാർ.


