ബിജെപി ഫണ്ട് വിവാദം: ആരോപണത്തിൽ നിന്ന് പിന്മാറി പി.സി. ജോർജ്, ക്ഷമാപണം

ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ നിന്ന് പി.സി. ജോർജ് പിന്മാറി. പൂഞ്ഞാർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി നേതൃത്വം നൽകിയ കോടിക്കണക്കിന് രൂപ ദുരുപയോഗം ചെയ്തെന്ന ആരോപണമാണ് അദ്ദേഹം ഇപ്പോൾ പിൻവലിച്ചത്.
കഴിഞ്ഞ ജൂലൈയിൽ കോട്ടയം എരുമേലിയിൽ നടന്ന പാർട്ടി യോഗത്തിലായിരുന്നു പി.സി. ജോർജ് ആരോപണം ഉന്നയിച്ചത്. പൂഞ്ഞാർ മണ്ഡലത്തിലെ പ്രചാരണത്തിനായി ബിജെപി നേതൃത്വം 4.5 കോടി രൂപ നൽകിയെന്നും, 4.45 കോടി രൂപ ചെലവഴിച്ചുവെന്ന കണക്ക് ലഭിച്ചെങ്കിലും പലർക്കും പണം ലഭിച്ചിട്ടില്ലെന്ന് തന്റെ അന്വേഷണത്തിൽ കണ്ടെത്തിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
ഈ പരാമർശങ്ങൾ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചതോടെ പി.സി. ജോർജ് നിലപാട് മാറ്റുകയായിരുന്നു. താൻ തെറ്റിദ്ധരിപ്പിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു.
വിവാദ പരാമർശത്തിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെയാണ് ജോർജ് മാപ്പുപറഞ്ഞ് രംഗത്തെത്തിയത്. എരുമേലിയിലെ യോഗത്തിൽ നടത്തിയ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു.
പി.സി. ജോർജിന്റെ പരാമർശവും പിന്നീട് ഉണ്ടായ വിശദീകരണവും ബിജെപി വൃത്തങ്ങളിൽ ചർച്ചയായിരിക്കുകയാണ്.


