സൂര്യഗ്രഹണം കാണുന്നത് മതപരമായ അവകാശം; സൗകര്യങ്ങൾ ചെയ്തു തരണമെന്ന ആവശ്യവുമായി തടവുകാർ

single-img
6 April 2024

ഈ മാസം എട്ടിന് സംഭവിക്കുന്ന സമ്പൂർണ്ണ സൂര്യഗ്രഹണം കാണുന്നതിന് തങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു തരണമെന്ന ആവശ്യവുമായി തടവുകാർ. അമേരിക്കയിലെ ന്യൂയോർക്ക് ജയിലിലെ തടവുപുള്ളികളാണ് ജയിൽ ഭരണകൂടത്തോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ഇതിനു പുറമെ ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് തടവുപുള്ളികൾ കോടതിയിൽ കേസും ഫയൽ ചെയ്തിട്ടുണ്ട് . സൂര്യഗ്രഹണം കാണുന്നത് തങ്ങളുടെ മതപരമായ അവകാശമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ചില അന്തേവാസികൾ കോടതിയെ സമീപിച്ചിരിക്കുന്നത് എന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

വുഡ്‌ബോൺ കറക്ഷണൽ ഫെസിലിറ്റിയിലെ വിവിധ മതവിശ്വാസങ്ങളിൽ പെട്ട ആറ് തടവുകാരാണ് ആദ്യം ഈ ആവശ്യം ഉന്നയിച്ച് കോടതിയില്‍ കേസ് ഫയൽ ചെയ്തത്. ഏപ്രിൽ എട്ടിന് തങ്ങളെ തടവിലാക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നാണ് തടവുപുള്ളികൾ കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു.

ലോകത്തിലെ അപൂർവ്വവും പ്രകൃതിദത്തവുമായ ഒരു പ്രതിഭാസമെന്ന നിലയിലും തങ്ങൾക്ക് സൂര്യഗ്രഹണത്തിന് സാക്ഷികൾ ആകാനുള്ള അവസരം ഒരുക്കി തരണമെന്നും തടവുപുള്ളികൾ ആവശ്യപ്പെട്ടു. എന്നാൽ കറക്ഷണൽ ഹോം കമ്മീഷണർ പുറപ്പെടുവിച്ച “ലോക്ക്ഡൗൺ മെമ്മോ” ഉത്തരവനുസരിച്ച്, എല്ലാ തടവുകാരും ‘അവരുടെ ബാരക്കുകളിൽ തന്നെ തുടരണം എന്നിരുന്നാലും, അവർക്ക് സൂര്യഗ്രഹണം ജനാലകളിലൂടെ കാണാനുള്ള സൗകര്യം ഉണ്ടായിരിക്കും.’

അമേരിക്കൻ ഐക്യനാടുകളിലെ 13 വ്യത്യസ്‌ത സംസ്ഥാനങ്ങളിലുള്ള അമേരിക്കക്കാർക്ക് ഏപ്രിൽ 8-ന് സമ്പൂർണ്ണ സൂര്യഗ്രഹണം കാണാൻ സാധിക്കും. അമേരിക്കയില്‍ അടുത്ത സമ്പൂര്‍ണ്ണ സൂര്യഗ്രഹണം 2044 -ല്‍ മാത്രമാണ് ദൃശ്യമാവുക. കാനഡ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, മെക്‌സിക്കോ എന്നിവയ്ക്ക് ചുറ്റുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ഏപ്രിൽ എട്ടിന് സംഭവിക്കുന്ന സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിയും. വടക്കേ അമേരിക്കയിലാണ് ഈ പൂർണ സൂര്യഗ്രഹണം അനുഭവപ്പെടുക.