വിഡി സതീശൻ വഴിവിട്ട വാക്കുകൾ ഉപയോഗിക്കുന്നു; നിയമസഭ കോപ്രായങ്ങളുടെ വേദിയാക്കരുതെന്ന് ഇപി ജയരാജൻ

single-img
18 March 2023

സംസ്ഥാന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കേരളാ നിയമസഭയിൽ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നുവെന്ന് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ. പ്രാധാന്യമില്ലത്ത വിഷയങ്ങൾ അടിയന്തിര പ്രമേയമായി കൊണ്ടുവരുന്നതായും അഭ്യൂഹങ്ങളും ആരോപണങ്ങളുമാണ് അടിയന്തിര പ്രമേയമായി കൊണ്ടുവരുന്നതെന്നും ജയരാജൻ ആരോപിച്ചു.

തികച്ചും വ്യക്തിപരമായ ആരോപണങ്ങൾ അടിയന്തിര പ്രമേയമായി കൊണ്ടുവരാൻ പാടില്ലാന്നാണ് നിയമം. പക്ഷെ ഇവിടെ ഇതെല്ലാം ലംഘിക്കപ്പെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭയിൽ സ്പീക്കറുടെ ഓഫീസ് ഇതുവരെ ഉപരോധിച്ച ചരിത്രമില്ല. നിയമസഭയെ കോപ്രായങ്ങളുടെ വേദിയാക്കരുത്.

മന്ത്രിയായ മുഹമ്മദ് റിയാസിനെയും കുടുംബത്തെയും സഭയിൽ അപമാനിച്ചു. വഴിവിട്ട വാക്കുകളാണ് പ്രതിപക്ഷ നേതാവ് സഭയിൽ ഉപയോഗിക്കുന്നത്. നിയമസഭയുടെ അന്തസ് കാക്കാൻ പ്രതിപക്ഷ നേതാവ് തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തര പ്രമേയം നോട്ടീസ് നൽകുമ്പോൾ അംഗീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സ്പീക്കർ ആണ്. എന്തും വിളിച്ചു പറയാനുള്ള വേദിയല്ല നിയമസഭ. സഭയിൽ ബാനർ, മുദ്രാവാക്യം വിളി തുടങ്ങിയവ പാടില്ല. ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ പാടില്ല. പക്ഷെ ഇവിടെ ഇതൊന്നും തനിക്ക് ബാധകമല്ലന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാടെനന്മ ഇ പി ജയരാജൻ പറഞ്ഞു.