കോൺഗ്രസിനെ ‘പോണ്‍ഗ്രസ്’ ആക്കി വാർത്ത; ദേശാഭിമാനിക്കെതിരെ പരാതി നൽകി വി ഡി സതീശൻ

single-img
21 April 2024

കേരളത്തിലെ സിപിഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി നല്‍കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോൺഗ്രസിനെ ‘പോണ്‍ഗ്രസ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഏപ്രില്‍ 18ന് പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ വടകരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്കെതിരായ സൈബർ ആക്രമണത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയെന്ന് ആരോപിച്ച് നിന്ദ്യവും വൃത്തികെട്ടതുമായ ഭാഷയില്‍ കോണ്‍ഗ്രസിനെ ആക്ഷേപിച്ചത് ഗുരുതര കുറ്റമാണെന്ന് പരാതിയിൽ സതീശൻ പറയുന്നു.

ഇതിനുപുറമെ ‘പോണ്‍ഗ്രസ് സൈബര്‍ മീഡിയ’ എന്ന തലക്കെട്ടോടെ കാരിക്കേച്ചറില്‍ കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ്, വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങൾ നൽകിയത് കോണ്‍ഗ്രസ് നേതാക്കള്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ചുവെന്ന സന്ദേശം നല്‍കുന്നതാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

വാര്‍ത്തകള്‍, കാഴ്ചപ്പാടുകള്‍, അഭിപ്രായങ്ങള്‍, പൊതുജന താല്‍പ്പര്യമുള്ള കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ന്യായവും കൃത്യവും നിഷ്പക്ഷവുമായി ജനങ്ങളെ അറിയിക്കുക എന്നതാണ് പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനലക്ഷ്യമെന്ന മാധ്യമ പ്രവര്‍ത്തകരുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ച് 2022ല്‍ പ്രസ് കൗണ്‍സില്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും പ്രസ് കൗണ്‍സില്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് ദേശാഭിമാനി വാര്‍ത്ത. നിയമവിരുദ്ധമായി പച്ചക്കള്ളം പ്രചരിപ്പിച്ച ദേശാഭിമാനിക്കെതിരെ നടപടി സ്വീകരിക്കണമെന്നും വിഡി സതീശൻ പരാതിയില്‍ ആവശ്യപ്പെട്ടു.