സ്ഥിതിഗതികൾ ഹൈക്കമാൻഡിനെ അറിയിക്കും; വി ഡി സതീശനും കെ സുധാകരനും ഡല്‍ഹിയിലേക്ക്

single-img
25 June 2023

പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഡല്‍ഹിയിലേക്ക്. കേരളത്തിലെ നിലവിലുള്ള രാഷ്ട്രീയ സ്ഥിതിഗതികള്‍ ഹൈക്കമാന്‍ഡിനെ അറിയിക്കുന്നതിനാണ് ഇരുവരും നാളെ ഡല്‍ഹിയിലെത്തുന്നത്.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും നേരില്‍ കണ്ട് രാഷ്ട്രീയ സ്ഥിതിഗതികള്‍ അറിയിക്കുമെന്നാണ് സൂചന. നിലവിൽ കേരളത്തിൽ കോണ്‍ഗ്രസ് പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ഇരുവരുടെയും ഡല്‍ഹി സന്ദര്‍ശനം. കൂടിക്കാഴ്ചകള്‍ക്കും ചര്‍ച്ചകള്‍ക്കുമായി സുധാകരനും സതീശനും രണ്ട് ദിവസം ഡല്‍ഹിയില്‍ ചെലവഴിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട വ്യാജ പുരാവസ്തു തട്ടിപ്പ് കേസില്‍ സുധാകരനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ”ഞാന്‍ ഒരു കേസില്‍ പ്രതിയാകുമ്പോള്‍ അത് പാര്‍ട്ടിയെ എഫക്റ്റ് ചെയ്യുന്നുവെങ്കില്‍ അത് ഉള്‍ക്കൊള്ളുവാന്‍ എനിക്ക് കഴിയില്ല. അതുകൊണ്ട് മാറി നില്‍ക്കാന്‍ തയ്യാറാണെന്ന് ഞാന്‍ അവരെ അറിയിച്ചു. എന്നാല്‍ നേതൃത്വം ഒറ്റക്കെട്ടായി സ്ഥാനത്ത് തുടരണമെന്നാവശ്യപ്പെട്ടു. അവരുടെ ആ അഭിപ്രായം താന്‍ സ്വീകരിച്ചു. അതോടെ ആ ചാപ്റ്റര്‍ അവസാനിച്ചു” കെ സുധാകരന്‍ പറഞ്ഞു.