ട്രെയിന്‍ തീവെപ്പ് കേസ്: കേരള പൊലീസിനെതിരെ വി.ഡി സതീശൻ

single-img
6 April 2023

ട്രെയിന്‍ തീവെപ്പ് കേസില്‍ കേരള പൊലീസിനെ രൂക്ഷഭാഷയിൽ വിമർശിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. കേരളം പൊലീസിന് വീഴ്ചയും ജാഗ്രതക്കുറവുമാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.

ഞായറാഴ്ച രാത്രി 9.30നാണ് ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ ഷാറൂഖ് സെയ്ഫി തീ കൊളുത്തിയത്. അതേ ട്രെയിനില്‍ തന്നെ യാത്ര തുടര്‍ന്ന പ്രതി പതിനൊന്നരയോടെ കണ്ണൂരിലെത്തി. പ്രതിയെക്കുറിച്ചുള്ള ദൃക്സാക്ഷി മൊഴികള്‍ ഈ സമയത്ത് പുറത്ത് വന്നിരുന്നു. എന്നിട്ടും പ്രതി സഞ്ചരിച്ച ട്രെയിനിലോ വന്നിറങ്ങിയ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലോ പൊലീസ് പരിശോധന നടന്നില്ലെന്നത് അമ്പരിപ്പിക്കുന്നതാണ്- വി ഡി സതീശൻ പറഞ്ഞു.

മാത്രമല്ല റെയില്‍വേ സ്റ്റേഷനുകളും മറ്റ് പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ച് കാര്യമായ പരിശോധന നടത്തിയിരുന്നെങ്കില്‍ പ്രതിയെ അന്ന് തന്നെ കസ്റ്റഡിയില്‍ കിട്ടുമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

അതേസമയം തീവെപ്പ് കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഷാരൂഖ് സെയ്ഫിക്കെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യം ഇപ്പോൾ പറയാൻ കഴിയില്ലെന്ന് ഡി.ജി.പി അനിൽകാന്ത് പറഞ്ഞു.എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ഒരു സാധ്യതയു ഈ ഘട്ടത്തിൽ തള്ളുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.