പുതിയ പോർമുഖം തുറന്നു ഗവർണർ; വിസിമാരുടെ ശമ്പളം തിരിച്ചു പിടിക്കും

single-img
2 November 2022

വൈസ് ചാന്‍സലര്‍മാരുടെ ശമ്പളം തിരിച്ചു പിടിക്കാനൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. യുജിസി മാനദണ്ഡത്തിന് വിരുദ്ധമായി നിയമനം നേടിയ വി.സിമാരുടെ നിയമനം ചട്ട വിരുദ്ധം ആണ് എന്നും അതിനാൽ നിയമനം നേടിയ വി.സിമാര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ല എന്നുമാണ് ഗവർണറുടെ പുതിയ നിലപാട്.

സുപ്രീംകോടതി ഉത്തരവോടുകൂടി അസാധുവായിരിക്കുന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വി.സിമാര്‍ക്ക് ശമ്പളം കൈപ്പറ്റാനും അര്‍ഹതയില്ല എന്നാണ് രാജ്ഭവന്റെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ വി.സിമാര്‍ ഇതുവരെ കൈപ്പറ്റിയ ശമ്പളം തിരിച്ചടയ്ക്കണമെന്ന നിര്‍ദേശമാണ് രാജ്ഭവന്‍ നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട സര്‍വകലാശാല വി.സിമാര്‍ക്ക് ഗവര്‍ണര്‍ കത്ത് നല്‍കും എന്നാണു രാജ്ഭവൻ പറയുന്നത്.

ഒക്ടോബര്‍ 30-ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തില്‍ സാങ്കേതികസര്‍വകലാശാല വി.സിയുടെ നിയമനം അസാധുവായിരുന്നു. അതിന്റെ ചുവടു പിടിച്ചാണ് ഒമ്പത് വി.സിമാരോട് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടത്. രാജി ആവശ്യത്തിന്റെ ഭാഗമായി വിശദീകരണം നല്‍കാന്‍ അനുവദിച്ച കാലാവധി വ്യാഴാഴ്ച അവസാനിക്കുകയാണ്. സാങ്കേതിക സര്‍വകലാശാല വി.സി. ഇതിനോടകം സ്ഥാനമൊഴിഞ്ഞിട്ടുണ്ട്. ബാക്കി എട്ട് വി.സിമാരുടെ ശമ്പളം തിരിച്ചുപിടിക്കാനുള്ള നടപടികളുമായാണ് രാജ്ഭവന്‍ നീങ്ങുന്നത്.