വന്ദേ ഭാരത് എക്‌സ്പ്രസ് കാസർകോട് വരെ നീട്ടിയതായി റെയിൽവേ മന്ത്രി; വേഗം കൂട്ടാൻ ട്രാക്കുകൾ പരിഷ്കരിക്കും

single-img
18 April 2023

കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ച ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയ്നിന്റെ സർവീസ് കാസർകോട് വരെ നീട്ടിയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. നിരവധി പേരുടെ ആവശ്യപ്രകാരമാണ് തീരുമാനമെന്നും ട്രെയിനിൻ്റെ വേഗം കൂട്ടാൻ ട്രാക്കുകൾ പരിഷ്കരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ട്രെയിൻ്റെ ഫ്ലാഗ് ഓഫ് ചൊവ്വാഴ്ച നടക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിലെ സർവീസിൽ നിലവിൽ മണിക്കൂറിൽ 70 മുതൽ 110 കിലോമീറ്റർ വരെ വിവിധ മേഖലകളിൽ വേഗത വർധിപ്പിക്കും. ഫേസ് 1 ഒന്നര വർഷത്തിനകം പൂർത്തിയാക്കും. വേഗത വർദ്ധിപ്പിക്കാനായി ട്രാക്കുകൾ പരിഷ്കരിക്കും. രണ്ടാംഘട്ടത്തിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത ലഭിക്കും. 2-3 വർഷം കൊണ്ട് ഇത് പൂർത്തിയാക്കും. സിഗ്നലിംഗ് സംവിധാനം പരിഷ്കരിക്കുകയും വളവുകൾ നികത്തുകയും വേണം.

ഇതിനുവേണ്ടി ഭൂമി ഏറ്റെടുക്കും. സിൽവർ ലൈൻ എന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു അടഞ്ഞ അധ്യായമല്ലെന്നും ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആ വിവരങ്ങൾ അറിയിക്കാൻ പ്രത്യേക വാർത്താസമ്മേളനം നടത്താമെന്നും അദ്ദേഹം പറഞ്ഞു.