എൻസിഇആർടി സിലബസിൽ നിന്ന് പാഠഭാഗങ്ങൾ വെട്ടി മാറ്റിയ സംഭവം; തിരുത്തിയില്ലെങ്കിൽ കേരളം സപ്ലിമെന്ററി പാഠപുസ്തകം ഇറക്കും: വി ശിവൻകുട്ടി

single-img
9 April 2023

എൻസിഇആർടി പുനഃസംഘടിപ്പിച്ചില്ല എങ്കിൽ കേരളം സപ്ലിമെൻററി പാഠപുസ്തകം തയ്യാറാക്കുന്നതടക്കം പരിശോധിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

എൻസിഇആർടി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ആറാം ക്ലാസ് മുതലുള്ള പാഠപുസ്തകങ്ങളിൽ നിന്ന് പാഠഭാഗങ്ങൾ വെട്ടിമാറ്റുകയാണ്. ആർഎസ്എസിന്റെയും ബിജെപിയുടെയും അജണ്ട നടപ്പാക്കാനുള്ള ശ്രമമാണിത്. ഒരു തരത്തിലും കേരളം ഇത് അംഗീകരിക്കില്ല. . മഹാത്മാ ഗാന്ധിയെ ഒഴിവാക്കണമെന്ന് പറഞ്ഞാൽ അത് നടപ്പാക്കണമെന്ന ബാധ്യതയൊന്നുമില്ല- വി ശിവൻകുട്ടി പറഞ്ഞു.

ഓരോ സംസ്ഥാനങ്ങളിലേയും പ്രതിനിധികളെ ഉൾപ്പെടുത്തി വേണം പുനസംഘടിപ്പിക്കേണ്ടത്. പാഠഭാഗങ്ങൾ ഒഴിവാക്കിക്കൊണ്ട് ബിജെപി അജണ്ട നടപ്പാക്കാൻ കഴിയില്ല. ഒന്നും അടിച്ചേൽപ്പിക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ വിയോജിപ്പ് പരിഗണിച്ചില്ലെങ്കിൽ സപ്ലിമെൻററി പാഠപുസ്തകം തയ്യാറാക്കുന്നതടക്കം പരിശോധിക്കും- വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.