ആലപ്പുഴയിൽ വി മുരളീധരൻ ഇടപെട്ടു; 326 ബൂത്തുകള്‍ ആദ്യഘട്ടത്തിൽ പ്രവര്‍ത്തിച്ചില്ലെന്ന് ശോഭ സുരേന്ദ്രന്‍

single-img
3 May 2024

ബിജെപിയുടെ ആലപ്പുഴ അവലോകന യോഗത്തില്‍ കേന്ദ്രമന്ത്രിയായ വി മുരളീധരനെതിരെ രൂക്ഷ വിമര്‍ശനം. ആറ്റിങ്ങലിലെ സ്ഥാനാര്‍ത്ഥിയായ മുരളീധരൻ ആലപ്പുഴയില്‍ ഇടപെട്ടെന്നാണ് ആരോപണം. അനാവശ്യ ഇടപെടല്‍ അനുവദിക്കരുതായിരുന്നു. ആറ്റിങ്ങല്‍ സ്ഥാനാര്‍ത്ഥിയുടെ ജില്ലയിലെ വിശ്വസ്തന്‍ വഴിയാണ് ഇടപെട്ടതെന്നും വിമര്‍ശനമുയര്‍ന്നു.

മണ്ഡലത്തിലെ 326 ബൂത്തുകള്‍ ആദ്യഘട്ടത്തിൽ പ്രവര്‍ത്തിച്ചില്ലെന്ന് ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. പ്രചാരണത്തിൽ 14 ദിവസം കഴിഞ്ഞാണ് പോസ്റ്റര്‍ പോലും ഒട്ടിച്ചത്. മറ്റു സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററും ഫ്‌ളക്‌സും നിറഞ്ഞതിനു ശേഷമാണ് തന്റെ പോസ്റ്ററുകള്‍ ഒട്ടിക്കാന്‍ തുടങ്ങിയതെന്നും ശോഭ പറഞ്ഞു.

മാത്രമല്ല ,സ്ഥാനാര്‍ത്ഥിയുടെ മാനേജര്‍ക്ക് വാഹനം പോലും നല്‍കിയില്ല. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി, ബാക്കി ഫലപ്രഖ്യാപനത്തിനു ശേഷം പറയാമെന്നും ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു. ആലപ്പുഴയില്‍ മോദി തരംഗവും ശോഭാ തരംഗവും ഉണ്ടായതായും യോഗത്തില്‍ വിലയിരുത്തലുണ്ടായി.