വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ വിയോഗം: മുസ്ലിം ലീഗിന് കനത്ത നഷ്ടമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മരണത്തിലൂടെ മുസ്ലിം ലീഗിന് കനത്ത നഷ്ടമാണ് സംഭവിച്ചതെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പാർട്ടിയുടെ മതേതര മുഖമായും മനുഷ്യഹൃദയങ്ങളിലേക്ക് സ്നേഹത്തിന്റെ പാലം പണിത വ്യക്തിയായുമാണ് വി.കെ. ഇബ്രാഹിംകുഞ്ഞ് അറിയപ്പെട്ടതെന്നും അദ്ദേഹം അനുസ്മരിച്ചു.
വി.കെ. ഇബ്രാഹിംകുഞ്ഞിനോടുള്ള ആദരസൂചകമായി പാർട്ടിയുടെയും പോഷക സംഘടനകളുടെയും മൂന്ന് ദിവസത്തെ പൊതുപരിപാടികൾ മാറ്റിവെച്ചതായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം അറിയിച്ചു. 2025 ജനുവരി 6, 7, 8 തീയതികളായ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് പരിപാടികൾ മാറ്റിവെച്ചിരിക്കുന്നത്.
എറണാകുളം വിപിഎസ് ലേക്ക്‌ഷോർ ആശുപത്രിയിലായിരുന്നു വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അന്ത്യം. 74 വയസ്സായിരുന്നു. ശ്വാസകോശ അർബുദത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം, ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഇന്നലെയാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.
ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയിൽ നിന്ന് കൊണ്ടുപോകും. വൈകിട്ട് ആറുമണി മുതൽ കളമശ്ശേരി ഞാലകം കൺവെൻഷൻ സെന്ററിൽ പൊതുദർശനം ആരംഭിക്കും. രാത്രി പത്ത് മണിവരെ പൊതുദർശനം തുടരും. തുടർന്ന് മൃതദേഹം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ പത്ത് മണിക്ക് ആലങ്ങാട് ജുമാ മസ്ജിദിൽ കബറടക്കം നടക്കും.


