വി.ഡി. സതീശന്റെ വിമാന ടിക്കറ്റും ചെലവുകളും വഹിച്ചത് മണപ്പാട്ട് ഫൗണ്ടേഷൻ; പുനർജനി കേസിൽ വിജിലൻസ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ

single-img
6 January 2026

പുനർജനി കേസിൽ വിജിലൻസ് റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മണപ്പാട്ട് ഫൗണ്ടേഷനും തമ്മിലുള്ള ബന്ധം അവിശുദ്ധമാണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നത്. 2018 ജനുവരി 11ന് പദ്ധതിക്കായി മണപ്പാട്ട് ഫൗണ്ടേഷൻ പ്രത്യേക ബാങ്ക് അക്കൗണ്ട് തുറന്നതായും, പുനർജനി സ്പെഷ്യൽ അക്കൗണ്ടും ഫൗണ്ടേഷന്റെ എഫ്‌സിആർഎ/കറന്റ് അക്കൗണ്ടും വഴിയാണ് പണം ശേഖരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. 2022 മാർച്ച് 8 വരെ അക്കൗണ്ടിലൂടെ ഇടപാടുകൾ നടന്നിട്ടുണ്ട്.

ലഭ്യമായ രേഖകൾ പ്രകാരം പുനർജനി പദ്ധതിക്കായി 1,27,33,545.24 രൂപ പിരിച്ചെടുത്തതായാണ് വിജിലൻസ് കണ്ടെത്തൽ. യുകെയിൽ നിന്ന് പണം ശേഖരിച്ച MIATയും മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ എംഒയു ഒപ്പുവെച്ചിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഒമാൻ എയർവേയ്സ് നൽകിയ കോംപ്ലിമെന്ററി ടിക്കറ്റ് ഉപയോഗിച്ചാണ് വി.ഡി. സതീശൻ യുകെയിലേക്ക് പോയതും മടങ്ങിയതും. ടിക്കറ്റിന്റെ നികുതിയും യാത്രാചെലവുകളും മണപ്പാട്ട് ഫൗണ്ടേഷൻ വഹിച്ചതായി കണ്ടെത്തി. ചെയർമാൻ അമീർ അഹമ്മദ് ഇതെല്ലാം വിജിലൻസിനോട് സമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അമീർ അഹമ്മദും വി.ഡി. സതീശനും തമ്മിൽ ഗൂഢാലോചന നടന്നുവെന്ന സംശയത്തിലാണ് വിജിലൻസ്.

2018ലെ പ്രളയബാധിതർക്കായി “പുനർജനി: പറവൂരിന് പുതുജീവൻ” എന്ന പദ്ധതിയാണ് വിവാദമായത്. വിദേശ സഹായവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നപ്പോൾ ബർമിങ്ഹാമിലെത്തി പണം പിരിച്ചതായി വി.ഡി. സതീശൻ നേരത്തെ സമ്മതിച്ചിരുന്നു.