ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും; ഇസ്രായേലിൽ സൈന്യം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

single-img
18 February 2026

ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും സംയുക്ത സൈനിക നീക്കത്തിന് ഒരുങ്ങുന്നതായി സൂചന. ഈ സാഹചര്യത്തിൽ ഇസ്രായേൽ സൈന്യം രാജ്യത്തുടനീളം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളും ആണവ പദ്ധതികളിലെ പുരോഗതിയും കണക്കിലെടുത്ത് കടുത്ത നടപടി വേണമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാട്.

ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരം വർദ്ധിപ്പിക്കുന്നത് തടയാൻ സൈനിക നടപടി അനിവാര്യമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വ്യക്തമാക്കിയിട്ടുണ്ട്.ഏത് നിമിഷവും ഒരു ആക്രമണം ഉണ്ടായേക്കാമെന്ന വിലയിരുത്തലിൽ ഇസ്രായേൽ വ്യോമസേനയും പ്രതിരോധ സംവിധാനങ്ങളും സജ്ജമായിക്കഴിഞ്ഞു. യുഎസ് സെൻട്രൽ കമാൻഡുമായി (CENTCOM) ചേർന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം ഈ നീക്കങ്ങൾ ഏകോപിപ്പിക്കുന്നത്.

ഗൾഫ് മേഖലയിൽ അമേരിക്കൻ വിമാനവാഹിനിക്കപ്പലുകൾ നിലയുറപ്പിച്ചത് സംഘർഷ സാധ്യത വർദ്ധിപ്പിക്കുന്നു. ഇറാന്റെ ഭാഗത്തുനിന്നുണ്ടാകാൻ സാധ്യതയുള്ള പ്രത്യാക്രമണങ്ങളെ നേരിടാൻ ഇസ്രായേൽ ആഭ്യന്തര പ്രതിരോധ സംവിധാനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്.പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം വിലയിരുത്താൻ പെന്റഗണിൽ അതീവ രഹസ്യമായ സൈനിക കൂടിക്കാഴ്ചകൾ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇറാനിലെ ജനകീയ പ്രക്ഷോഭങ്ങളെ ഭരണകൂടം അടിച്ചമർത്തുന്നതാണ് ട്രംപിനെ ചൊടിപ്പിച്ചിരിക്കുന്നത്. തങ്ങളെ ആക്രമിച്ചാൽ മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ തകർക്കുമെന്ന് ഇറാൻ തിരിച്ചും ഭീഷണി മുഴക്കി. ഇറാന്റെ സുപ്രധാന സൈനിക കേന്ദ്രങ്ങളും മിസൈൽ വിക്ഷേപണ തറകളും ലക്ഷ്യമിട്ടാണ് ആക്രമണ പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്.