ജവാനിലെ ഷാരൂഖ് ഖാനെ മുന്‍നിര്‍ത്തി പരസ്യം ഒരുക്കി യുപി പൊലീസ്; സോഷ്യല്‍ മീഡിയയില്‍ വൈറല്‍

single-img
12 September 2023

ഇപ്പോൾ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ബോളിവുഡ് ചിത്രം ജവാനിലെ ഷാരൂഖ് ഖാനെ മുന്‍നിര്‍ത്തി യുപി പൊലീസ് ഒരുക്കിയ ലളിതമായ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. തലയില്‍ പൂർണ്ണമായി പരിക്കേറ്റതുപോലെ തുണി വച്ച് കെട്ടിയ ഗെറ്റപ്പിലായിരുന്നു ഷാരൂഖ് ഖാന്‍റേതായി പുറത്തെത്തിയ ജവാന്‍ ഫസ്റ്റ് ലുക്ക്. ഈ ലുക്ക് എടുത്താണ് യുപി പൊലീസ് ബോധവത്കരണ പരസ്യം സൃഷ്ടിച്ചിരിക്കുന്നത്.

റോഡിൽ സഞ്ചരിക്കുമ്പോൾ ഇരുചക്രവാഹന യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറയുന്ന പരസ്യമാണ് ഇത്. സിനിമയിലെ ഷാരൂഖ് ഖാന്‍റെ ലുക്ക് ഒഴിവാക്കാന്‍ ഹെല്‍മറ്റ് ധരിക്കാനാണ് പരസ്യത്തിലെ ആവശ്യം. പ്രായം ഏതായാലും ഒരു ഇരുചക്രവാഹനത്തില്‍ ഇരിക്കുംമുന്‍പ് ഹെല്‍മെറ്റ് ധരിക്കുന്നത് മറക്കാതിരിക്കുക എന്നതാണ് ഒപ്പമുള്ള വാചകം.

ഇതോടൊപ്പം ജവാന്‍, റോഡ് സുരക്ഷ എന്നീ ഹാഷ് ടാഗുകളും ചേര്‍ത്തിട്ടുണ്ട്. ഫേസ്ബുക്കില്‍ രണ്ട് ദിവസം കൊണ്ട് 94,000ല്‍ അധികം ലൈക്കുകളും 9100 ല്‍ അധികം ഷെയറുകളുമാണ് ഈ പരസ്യത്തിന് ലഭിച്ചിരിക്കുന്നത്.