കളളക്കടത്തും തീവ്രവാദവും തടയാനെന്ന് വിശദീകരണം; ലക്ഷദ്വീപിന്റെ ഭാഗമായ 17 ദ്വീപുകളിലേക്ക് അനുമതിയില്ലാതെയുളള പ്രവേശനം നിരോധിച്ചു

single-img
31 December 2022

ലക്ഷദ്വീപിന്റെ ഭാഗമായ 17 ദ്വീപുകളിലേക്ക് അനുമതിയില്ലാതെയുളള പ്രവേശനം നിരോധിച്ചു. ആള്‍ താമസമില്ലാത്ത ഈ ദ്വീപുകളിലേക്ക് പ്രവേശിക്കാന്‍ ഇനി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ അനുമതി വേണം. .ബുധനാഴ്ച ലക്ഷദ്വീപ് ജില്ലാ മജിട്രേറ്റിന്റെ 144-ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്.

പുതിയ തീരുമാനത്തിന് പിന്നിൽ കളളക്കടത്തും തീവ്രവാദവും തടയാനായുളള നടപടിയുടെ ഭാഗമെന്നാണ് അധികൃതരുടെ വാദം. സമീപത്തുള്ള ദ്വീപുകളില്‍നിന്ന് തേങ്ങയിടാനെത്തുന്ന തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ച താമസസ്ഥലമാണ് ഇവിടെയുളളത്. ഈ തൊഴിലാളികള്‍ നിയമവിരുദ്ധവും രാജ്യവിരുദ്ധവും സാമൂഹിക വിരുദ്ധവുമായ പ്രവൃത്തികളില്‍ ഏര്‍പ്പെടാനുള്ള സാധ്യത തളളികളയാന്‍ സാധിക്കില്ലെന്ന് ഉത്തരവില്‍ പറയുന്നു.

ആളുകൾ ലഹരി മരുന്നുകളും ആയുധങ്ങളും മറ്റും ഒളിപ്പിക്കാനായി ആൾപ്പാർപ്പമില്ലാത്ത ദ്വീപ് ഉപയോഗിക്കാന്‍ സാധ്യത ഉണ്ടെന്നും ഇതിനാലാണ് ഇത്തരത്തിലുളള നിയന്ത്രണമെന്നും ഭരണകൂടം അറിയിച്ചു. ഉത്തരവ് ലംഘിച്ച് ദ്വീപുകളില്‍ പ്രവേശിക്കുന്നവരെ ഐപിസി 188-ാം പ്രകാരം ഒന്ന് മുതല്‍ ആറ് മാസം വരെ തടവും അല്ലെങ്കില്‍ പിഴയാണ് കാത്തിരിക്കുന്നത്.