ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ; വാദം കേള്‍ക്കുന്നത് സുപ്രിംകോടതി മാറ്റിവച്ചു
ഡല്‍ഹി കലാപത്തിന് പിന്നിൽ നടന്ന ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ച് തീവ്രവാദവിരുദ്ധ നിയമം ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് സുപ്രിംകോടതി മാറ്റിവച്ചു. നാലാഴ്ചത്തേക്കാണ് കേസില്‍ വാദം കേള്‍ക്കുന്നത് കോടതി മാറ്റിവച്ചിരിക്കുന്നത്.
ഇതോടൊപ്പം വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കഴിഞ്ഞ വർഷം ഒക്‌ടോബര്‍ 18ന് ഉമറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഡല്‍ഹി ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവിനെ വെല്ലുവിളിച്ചാണ് ഉമര്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നത്.
മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഉമറിന് വേണ്ടി ഹാജരായിരുന്നത്. 2020 സെപ്തംബര്‍ മാസത്തിലായിരുന്നു ഉമറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. 2020 ഫെബ്രുവരി മാസത്തില്‍ 53 പേര്‍ മരിക്കാനിടയാക്കിയ കലാപത്തിന്റെ ആസൂത്രകനാണെന്ന് ആരോപിച്ചുകൊണ്ടാണ് ഉമറിനെതിരെ യുഎപിഎ ചുമത്തിയത്. പൗരത്വഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെയുള്ള പ്രതിഷേധത്തിനിടെയാണ് അക്രമമുണ്ടായത്.