ഉദയനിധി തമിഴ്‌നാട്ടിൽ പ്രതിപക്ഷ നേതാവാകുമ്പോൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായകമായ ഒരു മാറ്റത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് ഡിഎംകെ യുവനേതാവ് ഉദയനിധി സ്റ്റാലിൻ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ്റെ പിൻഗാമിയായി പാർട്ടി നേതൃത്വത്തിലും ഭരണത്തിലും തിളങ്ങിയ ഉദയനിധി, ഇനി നിയമസഭയ്ക്കുള്ളിൽ സർക്കാരിനെതിരെയുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകും. തമിഴ് രാഷ്ട്രീയത്തിലെ ദ്രാവിഡ പാരമ്പര്യത്തിൻ്റെ കരുത്തുറ്റ ശബ്‌ദമായി അറിയപ്പെടുന്ന ഉദയനിധി, മന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷമാണ് പ്രതിപക്ഷ നിരയിലേക്ക് എത്തുന്നത്.
പിതാവ് എം.കെ. സ്റ്റാലിൻ മുമ്പ് വഹിച്ചിരുന്ന അതേ പദവിയിലേക്ക് ഉദയനിധി എത്തുമ്പോൾ, ഡിഎംകെ അണികൾ വലിയ ആവേശത്തിലാണ്. ‘ചിന്നവർ’ എന്ന് ആരാധകർ വിളിക്കുന്ന അദ്ദേഹം ഭരണപക്ഷത്തെ നേരിടാൻ പുതിയ തന്ത്രങ്ങളുമായി ആകും എത്തുക. അതേസമയം, ഉപനേതാവായി കെഎൻ നെഹ്‌റുവിനെയും പാർട്ടി വിപ്പായും ഇവി വേലുവിനെയും തെരഞ്ഞെടുത്തു.
എംകെ സ്‌റ്റാലിൻ്റെ നേതൃത്വത്തിൽ ചെന്നൈയിലെ അണ്ണാ അറിവാലയത്തിലെ കലൈഞ്ജർ അരങ്ങിൽ നടന്ന ഡിഎംകെ നിയമസഭാ കക്ഷി യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. തമിഴ് രാഷ്ട്രീയത്തിലെ ഏറ്റവും ശക്തമായ കുടുംബ പാരമ്പര്യത്തിൽ നിന്നും വന്ന്, സ്വന്തം അധ്വാനം കൊണ്ട് ജനമനസ്സുകളിൽ ഇടംപിടിച്ച നേതാവാണ് ഉദയനിധി സ്റ്റാലിൻ.
കരുണാനിധിയുടെ ചെറുമകനായും എം.കെ. സ്റ്റാലിൻ്റെ മകനായും രാഷ്ട്രീയത്തിലേക്ക് എത്തിയെങ്കിലും, ഇന്ന് ഡിഎംകെയുടെ ഏറ്റവും വലിയ ജനപ്രിയ മുഖങ്ങളിലൊന്നായി അദ്ദേഹം മാറിക്കഴിഞ്ഞു.


