ധൂര്‍ത്തും അഴിമതിയും കാരണം കേരളം സാമ്പത്തികമായി തകര്‍ന്നു: ധവളപത്രവുമായി യുഡിഎഫ്

single-img
28 January 2023

സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും മോശം നികുതിപിരിവും മൂലം കേരളം സാമ്പത്തികമായി തകർന്നു എന്ന് യു ഡി എഫിന്റെ ധവളപത്രം. ഈ സ്ഥിതിയാണെങ്കില്‍ കടം ഭാവിയില്‍ നാല് ലക്ഷം കോടിയില്‍ എത്തുമെന്നും യുഡിഎഫ് ധവളപത്രം ആരോപിക്കുന്നു.

കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 30 ശതമാനത്തില്‍ തഴെയാകണം. 2027ല്‍ ഇത് 38.2 ശതമാനം ആകുമെന്നാണ് ആര്‍ബിഐ പ്രവചനമെന്നും പക്ഷെ ഇപ്പോള്‍ തന്നെ ഇത് 39.1 ശതമാനം ആയെന്നും ഇത് അപകടകരമാണെന്നും ധവളപത്രത്തില്‍ പറയുന്നു. ഒന്നാം ധവളപത്രത്തില്‍ 2019ല്‍ പ്രവചിച്ചത് പോലെ കിഫ്ബി ഇപ്പോള്‍ നിര്‍ജീവമായിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് കിഫ്ബിയുടെ പക്കല്‍ ഇപ്പോള്‍ 3419 കോടി രൂപ മാത്രമാണുള്ളത്. ഇതുകൊണ്ട് എങ്ങനെയാണ് 50,000 കോടി രൂപയുടെ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലാക്കുന്നതെന്നും യുഡിഎഫ് ചോദിക്കുന്നു.

കേന്ദ്രസര്‍ക്കാരിന്റെ വികലമായ നയങ്ങളെയും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. സി പി ജോണിന്റെ നേതൃത്വത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍, എന്‍ ഷംസുദ്ദീന്‍, മാത്യു കുഴല്‍നാടന്‍, കെ എസ് ശബരീനാഥന്‍, പി സി തോമസ്, ജി ദേവരാജന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ധവളപത്രം തയ്യാറാക്കിയത്