ഉദ്ധവ്‌ താക്കറെ ബി.ജെ.പിയെ വഞ്ചിച്ചു; ഉദ്ധവിനെ ഒരു പാഠം പഠിപ്പിക്കും;അമിത്‌ ഷാ

single-img
6 September 2022

മുംബൈ: മഹാരാഷ്‌ട്ര മുന്‍മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ്‌ താക്കറെ ബി.ജെ.പിയെ വഞ്ചിച്ചെന്നും അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ.

രാഷ്‌ട്രീയത്തില്‍ വഞ്ചനയൊഴികെ, എന്തും സഹിക്കുമെന്നു ഷാ വ്യക്‌തമാക്കി. മുംബൈയില്‍ ബി.ജെ.പി. നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവസേനയിലെ പിളര്‍പ്പിനു കാരണം അധികാരത്തോടുള്ള ഉദ്ധവിന്റെ ആര്‍ത്തിയാണെന്നു ഷാ കുറ്റപ്പെടുത്തി.

ഉദ്ധവ്‌ ചതിച്ചതു ബി.ജെ.പിയെ മാത്രമല്ല, ശിവസേനയുടെ ആശയങ്ങളെയുമാണ്‌. മഹാരാഷ്‌ട്രയുടെ ജനവിധിയെ അദ്ദേഹം അപമാനിച്ചു. ശിവസേനയിലെ വിമതനീക്കത്തിലോ ഉദ്ധവ്‌ സര്‍ക്കാരിന്റെ പതനത്തിലോ ബി.ജെ.പിക്കു പങ്കില്ലെന്നും ഷാ വ്യക്‌തമാക്കി. ഉദ്ധവിനു ബി.ജെ.പി. ഒരിക്കലും മുഖ്യമന്ത്രി സ്‌ഥാനം വാഗ്‌ദാനം ചെയ്‌തിരുന്നില്ലെന്നു ഷാ ആവര്‍ത്തിച്ചു. ബി.ജെ.പിക്കു തുറന്ന രാഷ്‌ട്രീയസമീപനമാണുള്ളത്‌. രാഷ്‌ട്രീയത്തില്‍ വഞ്ചന കാട്ടുന്നവര്‍ ശിക്ഷിക്കപ്പെടണം.