ഗുണ്ടാസംഘവുമായി ബന്ധം: രണ്ട് ഡിവൈഎസ്പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

single-img
19 January 2023

ഗുണ്ടാബന്ധത്തിൻറെ പേരിൽ തലസ്ഥാനത്ത് രണ്ട് ഡിവൈഎസ്പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ. ജെ ജോണ്‍സണ്‍, വിജിലന്‍സ് ഡിവൈഎസ്പി പ്രസാദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. ഗുണ്ടകളുടെ സാമ്പത്തിക ഇടപാടിൽ ഡിവൈഎസ്പിമാർ ഇടനിലനിന്നുവെന്നാണ് കണ്ടെത്തിയതിഞ്ഞേ തുടർന്നാണ് സസ്‌പെൻഷൻ.

ഇരുവര്‍ക്കുമെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് ഡിജിപി നേരത്തെ ആഭ്യന്തര വകുപ്പിന് ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ ശുപാര്‍ശയില്‍ മൂന്ന് ദിവസമായിട്ടും തീരുമാനമായിരുന്നില്ല. ഇതിനുപിന്നില്‍ രാഷ്ട്രീയ നീക്കങ്ങളുണ്ടെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വ്യാഴാഴ്ച രണ്ടുപേരേയും സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവ് പുറത്തിറക്കിയത്.

തലസ്ഥാനത്തെ പ്രധാന ഗുണ്ടകളായ നിധിൻ, രജ്ഞിത്ത് എന്നിവർ തമ്മിൽ സാമ്പത്തിക തർക്കമുണ്ടായിരുന്നു. ഈ തർക്കം പരിഹരിക്കാൻ മുട്ടടയിലുള്ള നിധിൻെറ വീട്ടിൽ വച്ച് രണ്ട് ഡിവൈഎസ്പിമാരും അടുത്തിടെ സസ്പെഷൻിലായ റെയിൽവെ ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡും ഇടനിലക്കാരായി എന്നാണ് ഇൻറലിജൻസ് കണ്ടെത്തൽ.

മറ്റ് രണ്ട് ഡിവൈഎസ്പിമാർ കൂടി ഗുണ്ടകളുടെ പാർട്ടിയിൽ പങ്കെടുത്തിരുന്നുവെന്ന ആരോപണവും ഇൻറലിജൻസ് അന്വേഷിക്കുന്നുണ്ട്. ഗുണ്ട ബന്ധത്തിന് സസ്പെൻഷനിലായ ഉദ്യോഗസ്ഥരുടെ സ്വത്തു സമ്പാദനം വിജിലൻസ് അന്വേഷിക്കുന്നുണ്ട്. ഗുണ്ടാബന്ധമുയർന്ന ജോണ്‍സണ്‍ അവധിയിൽ പ്രവേശിച്ചിരുന്നു, ഇതേ തുടർന്ന് ഷാരോണ്‍ കേസിൻെറ അന്വേഷണം മറ്റൊരു ഉദ്യോഗസ്ഥന് കൈമാറിയിരുന്നു.