തലശ്ശേരിയിൽ രണ്ടു സി പി എം പ്രവർത്തകരെ കൊന്നത് ലഹരി വിൽപ്പന ചോദ്യം ചെയ്തതിന്; റിമാന്റ് റിപ്പോർട്ട് പുറത്ത്

single-img
26 November 2022

തലശ്ശേരിയിൽ രണ്ടു സി പി എം പ്രവർത്തകരെ കൊന്നത് ലഹരി വിൽപ്പന ചോദ്യം ചെയ്തതിലുള്ള പ്രതികാരവും പൊലീസ് പരിശോധനയിലെ സംശയവുമാണെന്ന് റിമാന്റ് റിപ്പോർട്ട്. കൊലപാതകത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

കേസിലെ രണ്ടാംപ്രതി ജാക്സന്റെ വാഹനത്തിൽ കഞ്ചാവുണ്ടെന്ന സംശയത്തിൽ പൊലീസ് നേരത്തേ പരിശോധന നടത്തിയിരുന്നു. കൊല്ലപ്പെട്ട ഷമീറിന്റെ മകൻ ഷാബിൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത് എന്ന് കരുതിയായിരുന്നു ആക്രമണം എന്നാണു റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത്.

തലശ്ശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ.ഖാലിദ്(52), സഹോദരീ ഭര്‍ത്താവും സി.പി.എം. നെട്ടൂര്‍ ബ്രാഞ്ചംഗവുമായ ത്രിവര്‍ണ ഹൗസില്‍ പൂവനയില്‍ ഷമീര്‍(40) എന്നിവരാണ് ലഹരി മാഫിയയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ലഹരി വില്‍പനയെ ചോദ്യംചെയ്തതിന് ഷമീറിന്റെ മകന്‍ ഷെബിലിനെ ബുധനാഴ്ച ഉച്ചക്ക് രണ്ടോടെ നെട്ടൂര്‍ ചിറക്കക്കാവിനടുത്ത് വച്ച് ഒരാള്‍ മര്‍ദിച്ചിരുന്നു. പരിക്കേറ്റ ഷെബിലിനെ സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് ലഹരി മാഫിയയില്‍പ്പെട്ട ഒരാള്‍ ആസ്പത്രിയിലെത്തി. പ്രശ്‌നം പറഞ്ഞുതീര്‍ക്കാമെന്ന വ്യാജേന ഖാലിദ് അടക്കമുള്ളവരെ പുറത്തേക്ക് വിളിച്ചിറക്കി. ആസ്പത്രിക്ക് പുറത്ത് സംഘത്തിലുള്‍പ്പെട്ട നാല് പേര്‍ കാത്തുനിന്നതായാണ് വിവരം. ആസ്പത്രി കാന്റീന്‍ പരിസരത്തുവച്ച് സംസാരിക്കുന്നതിനിടെ ആസ്പത്രിയില്‍നിന്ന് വിളിച്ച് പുറത്തിറക്കിയ ആള്‍ ഖാലിദിന്റെ കഴുത്തിന് വെട്ടുകയായിരുന്നു. ഓട്ടോയില്‍ കരുതിയ കത്തിയെടുത്തായിരുന്നു വെട്ടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തടയാന്‍ ശ്രമിച്ചതിനിടെ ഷമീറിന്റെ പുറത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും വെട്ടേറ്റു.