വീണ്ടും കഷ്ടകാലം; അനുമതിയില്ലാതെ റോഡ് ഷോ: വിജയ്‌ക്കെതിരെ കേസ്

single-img
16 April 2026

മുൻകൂർ അനുമതിയില്ലാതെ ടി നഗറിൽ റോഡ് ഷോ നടത്തിയതിന് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വിജയ്‌ക്കൊപ്പം പാർട്ടിയുടെ ജനറൽ സെക്രട്ടറി എൻ. ആനന്ദ് (ബുസ്സി ആനന്ദ്), ദക്ഷിണ ചെന്നൈ ജില്ലാ സെക്രട്ടറി അപ്പു എന്നിവർക്കെതിരെയും എഫ്‌ഐആർ എടുത്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലൈയിംഗ് സ്ക്വാഡിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.ഏപ്രിൽ 16 വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. നിശ്ചിത വേദിയിൽ പരിപാടി നടത്താൻ മാത്രമാണ് അനുമതി നൽകിയിരുന്നത്. എന്നാൽ അത് ലംഘിച്ച് ടി നഗർ, തൗസൻഡ് ലൈറ്റ്‌സ്, എഗ്മൂർ തുടങ്ങിയ തിരക്കേറിയ പ്രദേശങ്ങൾ ബന്ധിപ്പിച്ച് വിജയ് റോഡ് ഷോ സംഘടിപ്പിച്ചു എന്നാണ് റിപ്പോർട്ട്.തുറന്ന വാഹനത്തിൽ വിജയ് എത്തിയതോടെ ആയിരക്കണക്കിന് പ്രവർത്തകർ തെരുവിലിറങ്ങി. ഇതോടെ ചെന്നൈയിലെ പ്രധാന റോഡുകളിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

റോഡ് ഷോയിലുടനീളം തൗസൻഡ് ലൈറ്റ്‌സ് സ്ഥാനാർത്ഥി ജെസിഡി പ്രഭാകർ, എഗ്മൂർ സ്ഥാനാർത്ഥി രാജ് മോഹൻ എന്നിവരും വിജയ്‌യെ അനുഗമിച്ചു. ടി നഗറിൽ നിന്ന് വള്ളുവർ കോട്ടം വഴി എഗ്മൂർ വരെ ആയിരുന്നു പ്രചാരണ യാത്ര. സർക്കാർ നിർദേശങ്ങൾ ലംഘിച്ചതിനടക്കം ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 223 ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.