കേരളത്തിൽ ജൂൺ 10 മുതൽ ട്രോളിങ് നിരോധനം; ജൂലൈ 31 വരെ തുടരും

single-img
22 May 2024

കേരളത്തിൽ ജൂൺ 10 മുതൽ 52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 വരെ തുടരും. ജൂൺ 9 അർധരാത്രി മുതൽ ട്രോളിങ് നിരോധനം ആരംഭിക്കും. ജൂലൈ 31 അർധരാത്രി 12 മണി വരെ ട്രോളിങ് നിരോധനം തുടരും.

ഈ നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികള്‍ക്കുള്ള സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. വിഷയത്തിൽ ഫിഷറീസ് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതര സംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധത്തിന് മുന്നേ കേരളതീരം വിട്ടുപോകുന്നുവെന്ന് ജില്ലാ കളക്ടർമാർ ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദ്ദേശം നൽകി.

അതേസമയം മഴ കനക്കുന്നതിനിടെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടില്ലെന്നാണ് നിർദേശം. കേരള തീരത്ത് നാളെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.