ജനങ്ങളെ കുത്തിപ്പിഴിയാന്‍ നടപ്പാക്കുന്ന ട്രാഫിക് പരിഷ്‌കാരം മാറ്റിവെക്കണം: കെ സുധാകരൻ

single-img
19 April 2023

കേരളത്തിൽ നാളെ മുതൽ നടപ്പാക്കാൻ പോകുന്ന എ ഐ ക്യാമറകൾ വഴിയുള്ള ഗതാഗത പരിഷ്കാരത്തിനെതിരെ കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി . ട്രാഫിക് നിയമങ്ങളെക്കുറിച്ച് യാതൊരുവിധ ബോധവത്കരണവും നടത്താതെ സര്‍ക്കാര്‍ മുക്കിലും മൂലയിലും അനേകം ക്യാമറകള്‍ സ്ഥാപിച്ച് ജനങ്ങളെ കുത്തിപ്പിഴിയാന്‍ നടപ്പാക്കുന്ന ട്രാഫിക് പരിഷ്‌കാരം മാറ്റിവയ്ക്കണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു.

കളം എഴുതുപോലെ റോഡുകളില്‍ വരച്ചുവച്ചിരിക്കുന്ന കോലങ്ങള്‍, പല രീതിയിലുള്ള സ്പീഡ് പരിധി, തോന്നുംപോലുള്ള പിഴ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ആശയക്കുഴപ്പവും ആശങ്കയും നിലനില്ക്കുന്നു. ഇവയെല്ലാം പരിഹരിച്ച് മുന്നോട്ടുപോകുന്നതിനു പകരം എങ്ങനെയും വാഹന ഉടമകളെ കുഴിയില്‍ച്ചാടിച്ച് പണം പിരിക്കുക എന്ന ഗൂഢലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്.

സർക്കാർ മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കാന്‍ കോടികള്‍ മാധ്യമങ്ങളിലൂടെ ചെലവഴിക്കുന്നതിലൊരു പങ്ക് ട്രാഫിക് ബോധവത്കരണത്തിനു അടിയന്തരമായി മാറ്റിവയ്ക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടതെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.

കേരളത്തിൽ പ്രവര്‍ത്തനനിരതമാകുന്ന 726 അത്യാധുനിക എ ഐ ക്യാമറകള്‍ ഉപയോഗിച്ച് ആയിരം കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതത്രേ. ഈ രീതിയിലാണ് പദ്ധതി നടപ്പാക്കുന്നതെങ്കില്‍ വണ്ടിയെടുത്തു പുറത്തുപോകുന്നവരൊക്കെ എല്ലാ ദിവസവും പിഴ അടയ്ക്കേണ്ടി വരും. ജനരോഷത്തിനു മുന്നില്‍ സര്‍ക്കാരിനു തന്നെ പദ്ധതിയില്‍നിന്ന് പിന്മാറേണ്ടി വരും. നികുതിഭാരം കൊണ്ട് നടുവൊടിഞ്ഞു നില്ക്കുന്ന സാധാരണക്കാരന് ഈ പീഡനം സഹിക്കാവുന്നതിലപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു.