ആര്‍ ശ്രീലേഖ ഉൾപ്പെടെ കേരളത്തില്‍ ഇതുവരെ ബിജെപിയിൽ ചേര്‍ന്നത് മൂന്ന് മുന്‍ ഡിജിപിമാര്‍
സംസ്ഥാനത്തെ മുന്‍ ഡി.ജി.പിയായിരുന്ന ആര്‍.ശ്രീലേഖ കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നതോടെ കേരളത്തില്‍ നിന്നും ഇതുവരെ ബി.ജെ.പിയില്‍ ചേരുന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം മൂന്നായി. മുന്‍ ഡി.ജി.പിമാരായ ടി.പി.സെന്‍കുമാര്‍, ജേക്കബ് തോമസ് എന്നിവരാണ് ഇതിനുമുന്‍പ് ബി.ജെ.പിയില്‍ ചേര്‍ന്ന സംസ്ഥാന പോലീസ് മേധാവികള്‍.
2017-ലായിരുന്നു ടി.പി.സെന്‍കുമാർ ബി.ജെ.പിയുമായി അടുക്കുന്നത്. ആ സമയം ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനാണ് സെന്‍കുമാറിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. പിന്നാലെ എം.ടി.രമേശ് അദ്ദേഹത്തെ വീട്ടിലെത്തി കാണുകയുംചെയ്തു. ഈ ചര്‍ച്ചകള്‍ക്ക് തുടര്‍ച്ചയായി സെന്‍കുമാര്‍ ബി.ജെ.പി പാളയത്തിലെത്തി.
2021-ലായിരുന്നു മറ്റൊരു പോലീസ് മേധാവിയായിരുന്ന ജേക്കബ് തോമസ് ബി.ജെ.പി അംഗത്വമെടുത്തത്. തൃശ്ശൂരില്‍ ജെ.പി നഡ്ഡ പങ്കെടുത്ത സമ്മേളനത്തില്‍വെച്ചായിരുന്നു അദ്ദേഹം പാര്‍ട്ടി അംഗത്വമെടുത്തത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ മത്സരിച്ച് 33,685 വോട്ട് നേടുകയും ചെയ്തു.