2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്; അഖിലേഷ് യാദവിനെ പൂട്ടാനൊരുങ്ങി യോഗി സർക്കാർ

അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ഉത്തർപ്രദേശ് മന്ത്രിസഭയിൽ മെയ്നി പത്തിന് നിർണായകമായ അഴിച്ചുപണി നടക്കാൻ സാധ്യത എന്ന് റിപ്പോർട്ട് . ഭരണകക്ഷിയായ ബിജെപി തങ്ങളുടെ സാമൂഹിക അടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തുന്ന ഈ പുനഃസംഘടനയിൽ ആറ് പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് മുന്നോടിയായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് വൈകുന്നേരം ഗവർണർ ആനന്ദിബെൻ പട്ടേലിനെ കണ്ട് ചർച്ചകൾ നടത്തും. നിലവിലുള്ള ചില മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വരുത്താനും സാധ്യതയുണ്ട്.
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ നേരിട്ട രാഷ്ട്രീയ തിരിച്ചടികൾക്ക് ശേഷം പാർട്ടിക്ക് നഷ്ടപ്പെട്ട ജനപിന്തുണ വീണ്ടെടുക്കുക എന്ന തന്ത്രപരമായ ലക്ഷ്യം ഈ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നിലുണ്ട്. പ്രധാനമായും ജാതി സമവാക്യങ്ങളും പ്രാദേശിക പ്രാതിനിധ്യവും കൃത്യമായി പാലിച്ചുകൊണ്ടാണ് പുതിയ മന്ത്രിമാരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഒബിസി, ദളിത്, ബ്രാഹ്മണ വിഭാഗങ്ങളിൽ നിന്നുള്ള ശക്തരായ നേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ട് പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിയുടെയും കോൺഗ്രസിന്റെയും സഖ്യത്തെ പ്രതിരോധിക്കാനാണ് ബിജെപി നീക്കം.
മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടുന്നവരിൽ ഏറ്റവും പ്രധാനപ്പെട്ട പേര് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരിയുടേതാണ്. മൊറാദാബാദിൽ നിന്നുള്ള സ്വാധീനമുള്ള ജാട്ട് നേതാവായ ചൗധരിയെ ഉൾപ്പെടുത്തുന്നതിലൂടെ പശ്ചിമ ഉത്തർപ്രദേശിലെ ജാട്ട് വിഭാഗത്തെ തൃപ്തിപ്പെടുത്താൻ സാധിക്കുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു. അതുപോലെ തന്നെ, സമാജ്‌വാദി പാർട്ടിയിൽ നിന്നും ബിജെപിയിലേക്ക് എത്തിയ ബ്രാഹ്മണ നേതാവ് മനോജ് പാണ്ഡെയുടെ പേരും പട്ടികയിലുണ്ട്. റായ് ബറേലിയിൽ വലിയ സ്വാധീനമുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം ഉയർന്ന ജാതി വോട്ടുകൾ ഉറപ്പിക്കുന്നതിന് സഹായിക്കും.
ഒബിസി വോട്ടുകൾ ലക്ഷ്യമിട്ട് പൂജ പാൽ, അശോക് കട്ടാരിയ എന്നിവരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും. സമാജ്‌വാദി പാർട്ടിയിലെ വിമതയായി അറിയപ്പെടുന്ന പൂജ പാൽ, പാൽ സമുദായത്തിനിടയിൽ വലിയ സ്വാധീനമുള്ള നേതാവാണ്. ബിജ്‌നോറിൽ നിന്നുള്ള ഗുർജാർ നേതാവായ അശോക് കട്ടാരിയയുടെ സാന്നിധ്യം ഒബിസി വിഭാഗങ്ങൾക്കിടയിൽ പാർട്ടിയുടെ കരുത്ത് വർദ്ധിപ്പിക്കും. കൂടാതെ, പാസി സമുദായത്തിൽ നിന്നുള്ള കൃഷ്ണ പാസ്വാൻ, സുരേഷ് പാസ്വാൻ എന്നിവരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.


