മുഖ്യമന്ത്രിയാര്?; ഹൈക്കമാൻഡിൻ്റെ തീരുമാനം അംഗീകരിക്കാൻ പാർട്ടി പ്രവർത്തകർ ബാധ്യസ്ഥർ : കെ മുരളീധരൻ

കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡിൻ്റെ തീരുമാനം പാർട്ടി പ്രവർത്തകർ അംഗീകരിക്കാൻ ബാധ്യസ്ഥരാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ യുഡിഎഫ് റെക്കോർഡ് ഭൂരിപക്ഷം നേടി വിജയിച്ചതോടെ മുഖ്യമന്ത്രി വിഷയത്തിൽ കോൺഗ്രസിനുള്ളിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾക്കിടയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള നിലവിലെ ചർച്ചകൾ യുഡിഎഫിൻ്റെ വിജയത്തെ മറികടന്നിട്ടില്ലെന്നാണ് മുരളീധരൻ്റെ വാദം. ചർച്ചകൾ പാർട്ടിയിൽ പതിവാണ്. ഹൈക്കമാൻഡിൻ്റെ തീരുമാനം വരട്ടെ. നേതൃത്വത്തിൻ്റെ തീരുമാനം എന്താണോ അത് അംഗീകരിക്കേണ്ടത് ഓരോ കോൺഗ്രസ് പ്രവർത്തകൻ്റെയും ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
രണ്ട് ദിവസത്തിനുള്ളിൽ ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ തീരുമാനിക്കും. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന് കോൺഗ്രസിന് ഒരു വ്യവസ്ഥാപിത നടപടിക്രമമുണ്ട്. എംഎൽഎമാരുമായും മുതിർന്ന കോൺഗ്രസ് നേതാക്കളുമായും കൂടിയാലോചിച്ച ശേഷം പാർട്ടി ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


